ജെയിംസ് പാർക്ക്:ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. ടോപ് ഫോറിൽ ഇടം ഉറപ്പിക്കാനായുള്ള മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ നേരിട്ട മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയം. ജോ വില്ലോക്ക്, വിൽസൺ എന്നിവരാണ് ന്യൂകാസിലിനായി ലക്ഷ്യം കണ്ടത്.
കസെമിറോയുടെ അഭാവത്തിലിറങ്ങിയ യുണൈറ്റഡിന് മത്സരത്തിൽ മേധാവിത്വം പുലർത്താനായിരുന്നില്ല. ആദ്യ പകുതിയിൽ ന്യൂകാസിൽ യുണൈറ്റഡിന്‍റെ മുന്നേറ്റങ്ങൾ മാഞ്ചസ്റ്റർ പ്രതിരോധത്തിന് വെല്ലുവിളി ഉയർത്തി. ഈ സാഹചര്യത്തിലെല്ലാം ഗോൾ കീപ്പർ ഡി ഗിയയുടെ പ്രകടനമാണ് യുണൈറ്റഡിന്‍റെ രക്ഷയ്‌ക്കെത്തിയത്. 16-ാം മിനിറ്റിൽ ഡബിൾ സേവുകളാണ് നടത്തിയത്. ഇസാകിന്‍റെ ഹെഡർ തട്ടിയകറ്റിയ ഡി ഗിയ റിബൗണ്ടിൽ നിന്നുളള വില്ലോകിന്‍റെ ഗോൾ ശ്രമവും തടഞ്ഞു.
ആദ്യ പകുതിയിൽ മികച്ച പ്രകടനം തുടർന്ന ന്യൂകാസിൽ രണ്ടാം പകുതിയിലും മുന്നേറ്റങ്ങൾ തുടർന്നു. മത്സരത്തിന്‍റെ 62-ാം മിനിറ്റിലാണ് ന്യൂകാസിൽ ആദ്യ ഗോൾ നേടിയത്. ബ്രൂണോ ഗ്വിമറാസ് തുടക്കമിട്ട മുന്നേറ്റത്തിനൊടുവിൽ സെന്‍റ് മാക്‌സിമെൻ നൽകിയ പാസിൽ നിന്നാണ് ജോ വില്ലോക്ക് ലക്ഷ്യം കണ്ടത്. 76-ാം മിനിറ്റിൽ ലീഡ് ഇരട്ടിയാക്കിയെന്ന് തോന്നിപ്പിച്ചെങ്കിലും ജോലിന്‍റണിന്‍റെ ഹെഡർ ഗോൾ ബാറിൽ തട്ടി മടങ്ങി. 88-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ വിൽസണിലൂടെയാണ് ന്യൂകാസിൽ രണ്ടാം ഗോൾ നേടിയത്. വലത് വിങ്ങിൽ നിന്നും കീറൻ ട്രിപ്പിയർ എടുത്ത ഫ്രീകിക്കിൽ നിന്നും ഹെഡറിലൂടെയാണ് ഗോൾ നേടിയത്.
ജയത്തോടെ പോയിന്‍റ് പട്ടികയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് മൂന്നാമതെത്തിയ ന്യൂകാസിലിന് ലീഗ് കപ്പ് ഫൈനലിൽ തോറ്റതിൽ കണക്ക് തീർക്കാനുമായി. ഇരു ടീമുകൾക്കും 50 പോയിന്‍റ് വീതമാണെങ്കിലും ഗോൾ വ്യത്യാത്തിലാണ് ന്യൂകാസിൽ മൂന്നാമതെത്തിയത്. തുടർച്ചയായി മൂന്നാം മത്സരത്തിലും ജയം നേടാനാകാത്തത് യുണൈറ്റഡിന്‍റെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾക്ക് തിരിച്ചടിയാകും.
തോൽവിയിലും തലയുയർത്തി ഡി ഗിയ:മത്സരത്തിലുടനീളം മികച്ച സേവുകളുമായി യുണൈറ്റഡിന്‍റെ രക്ഷയ്‌ക്കെത്തിയ ഗോൾകീപ്പർ ഡി ഗിയയാണ് ചെകുത്താൻമാരുടെ തോൽവി ഭാരം കുറച്ചത്. സ്‌പാനിഷ് ഗോൾകീപ്പറുടെ ഡബിൾ സേവുകളാണ് ആദ്യ പകുതിയെ ഗോൾരഹിതമായി നിർത്തിയത്. അലക്‌സാണ്ടർ ഇസാക്ക്, ജോ വില്ലോക്ക് എന്നിവരുടെ ഗോൾ ശ്രമങ്ങളാണ് തടഞ്ഞത്. 76-ാം മിനിറ്റിൽ ജോലിന്‍റണിന്‍റെ ഹെഡറിൽ നിന്ന് ഒരു അത്ഭുതകരമായ പോയിന്‍റ് -ബ്ലാങ്ക് സേവും നടത്തി. മത്സരത്തിലുടനീളം മികച്ച മൂന്ന് സേവുകൾ നടത്തിയ ഡി ഗിയ ഈ സീസണിലുടനീളം മികച്ച ഫോമിലാണ് കളിക്കുന്നത്. എങ്കിലും മുന്നേറ്റ നിര ഗോളടിക്കാൻ മറന്നതാണ് യുണൈറ്റഡിനെ തോൽവിയിലേക്ക് തള്ളിവിട്ടത്.
പ്രീമിയർ ലീഗിൽ യുണൈറ്റഡിന്‍റെ ഗോൾ വരൾച്ച: ന്യൂകാസിലിനെതിരായ മത്സരത്തിലും ഗോൾ നേടാനാകാതിരുന്നതോടെ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് യുണൈറ്റഡ് ഗോളടിക്കാതിരിക്കുന്നത്. സതാംപ്‌ടണെതിരായ മത്സരത്തിൽ ഗോൾ രഹിത സമനില വഴങ്ങിയ യുണൈറ്റഡ് ലിവർപൂളിനെതിരായ മത്സരത്തിൽ ഏഴ് ഗോളുകളുടെ നാണം കെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ക്ലബ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണിത്. അവസാനമായി ലെസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിലാണ് ഗോൾ നേടിയത്.