മാഞ്ചസ്റ്റർ: പ്രീമിയർ ലീഗിൽ സ്ഥിരതയാർന്ന പ്രകടനം നടത്താൻ ബുദ്ധിമുട്ടുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ടീമിലെ പ്രധാന താരങ്ങളെല്ലാം പരിക്കിന്‍റെ പിടിയിലാണ് എന്നത് തന്നെയാണ് ഇതിന്‍റെ പ്രധാന കാരണായി കണക്കാക്കുന്നത്. പരിക്കിൽ നിന്ന് മുക്തരായി റാഫേല്‍ വരാനെ, മധ്യനിര താരം മേസൺ മൗണ്ട് എന്നിവർ ടീമിൽ തിരികെയെത്തിയെങ്കിലും പ്രതിരോധത്തിൽ മികച്ച പ്രകടനം നടത്തിയിരുന്ന രണ്ട് താരങ്ങളുടെ പരിക്ക് യുണൈറ്റഡിന് വെല്ലുവിളി ഉയർത്തുകയാണ് (Manchester United Injuries).
സെന്റര്‍ ബാക്ക് ലിസാൻഡ്രോ മാര്‍ട്ടിനസ്, ലെഫ്‌റ്റ് ബാക്ക് സെര്‍ജിയോ റെഗിലോൺ എന്നിവർ കളത്തിന് പുറത്ത് ഇരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട് (Sergio Reguilon and Lisandro Martinez ruled out). കഴിഞ്ഞ ഏപ്രിലില്‍ കാല്‍പ്പാദത്തിനേറ്റ പരിക്കിൽ നിന്ന് മോചിതനായി ടീമിൽ തിരികെയെത്തിയ മാർട്ടിനസിന് അതേ പരിക്ക് തന്നെയാണ് വെല്ലുവിളി സൃഷ്‌ടിക്കുന്നത്. ആഴ്‌സണലിനെതിരായ മത്സരത്തിലാണ് വീണ്ടും ലിസാൻഡ്രോ മാര്‍ട്ടിനസിന് പരിക്കേറ്റത്. പ്രതിരോധ നിരയിൽ അർജന്‍റൈൻ താരത്തിന്‍റെ സേവനം കുറച്ചു കാലത്തേക്ക് യുണൈറ്റഡിന് നഷ്‌ടമാകുമെന്നാണ് പ്രമുഖ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലെഫ്റ്റ് ബാക്ക് സെര്‍ജിയോ റെഗിലോണ്‍ ക്രിസ്റ്റല്‍ പാലസിനെതിരായ കഴിഞ്ഞ കറബാവോ കപ്പ് മത്സരത്തില്‍ കളിച്ചിരുന്നില്ല. അന്താരാഷ്‌ട്ര മത്സരങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം ഒക്‌ടോബർ പകുതിയോടെ മാത്രമെ റെഗിലോണ് യുണൈറ്റഡ് നിരയിൽ തിരിച്ചെത്താനാകൂ എന്നാണ് പ്രമുഖ മാധ്യമങ്ങൾ നൽകുന്ന സൂചന. ഈ സീസണില്‍ ടോട്ടൻഹാമില്‍ നിന്ന് ലോണിലെത്തിയ റെഗിലോണ്‍ കഴിഞ്ഞ മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്.