മാഞ്ചസ്റ്റർ: യുവേഫ യുറോപ്പ ലീഗിൽ സെവിയ്യക്കെതിരായ മത്സരത്തിൽ പരിക്കേറ്റ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ അർജന്‍റീനൻ ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്‌ടമാകുമെന്ന് ക്ലബ് സ്ഥിരീകരിച്ചു. 'ലിസാൻഡ്രോ മാർട്ടിനെസിന്‍റെ കാലിലെ മെറ്റാറ്റാർസൽ അസ്ഥി ഒടിഞ്ഞതിനെത്തുടർന്ന് ഈ സീസണിൽ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്. അടുത്ത സീസൺ ആരംഭിക്കുന്നതിന് മുൻപ് അർജന്‍റീനൻ പ്രതിരോധ താരം പരിക്കിൽ നിന്ന് പൂർണമായും മുക്തനാകുമെന്നും ആദ്യ മത്സരങ്ങളിൽ തന്നെ താരത്തിന് ടീമിനൊപ്പം ചേരാനുമാകും'. യുണൈറ്റഡിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പങ്കുവച്ച പ്രസ്‌താവനയിൽ വിശദമക്കി.
പ്രീമിയർ ആദ്യ നാലിൽ ഇടമുറപ്പിക്കാനായി സീസണിലെ ബാക്കി മത്സരങ്ങൾ യുണൈറ്റഡിന് നിർണായകമാണ്. അതേസമയം ഡിഫൻസിൽ ലിസാൻഡ്രോ മാർട്ടിനെസിന്‍റെ പങ്കാളിയായ റാഫേൽ വരാനെയും പരിക്കേറ്റ് പുറത്തായതും പരിശീലകൻ എറിക് ടെൻ ഹാഗിന്‍റെ മുന്നോട്ടുള്ള കുതിപ്പിൽ കാര്യമായ വെല്ലുവിളി സൃഷ്‌ടിക്കുമെന്ന് ഉറപ്പാണ്. ടെൻ ഹാഗിന് കീഴിൽ ടീമിന്‍റെ പ്രതിരോധം കാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്ന താരങ്ങളാണ് ഇരുവരും. സെവിയ്യക്കെതിരായ മത്സരത്തിൽ പരിക്കേറ്റ റാഫേൽ വരാനെ രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയിരുന്നില്ല.
പ്രതിരോധത്തിലെ സാങ്കേതികത്തികവാർന്ന നീക്കങ്ങളും മികച്ച പാസുകളും ലിസാൻഡ്രോയുടെ പ്രത്യേകയാണ്. ഇത് മത്സരത്തിൽ കൂടുതൽ സമയം പന്ത് കൈവശം വയ്‌ക്കുന്നതിനും വേഗമാർന്ന മുന്നേറ്റങ്ങൾ നടത്താനും സഹായകമാണ്. കൃത്യമായ ടാക്കിളുകളിലൂടെ അപകടകരമായ സാഹചര്യങ്ങളിൽ നിന്നും ടീമിനെ രക്ഷപ്പെടുത്തുന്നതിലും ഈ അർജന്‍റീനൻ താരം മിടുക്കനാണ്. അതുകൊണ്ട് തന്നെ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ലിസാൻഡ്രോയുടെ അസാന്നിധ്യം ടീമിന് കനത്ത തിരിച്ചടിയാകും.