മാഡ്രിഡ് :റയൽ മാഡ്രിഡിനോടും ആരാധകരോടും ഔദ്യോഗികമായി നന്ദി പറഞ്ഞ് ബ്രസീലിയൻ മിഡ്‌ഫീല്‍ഡര്‍ കാസെമിറോ. സ്‌പാനിഷ് ക്ലബ്ബുമായുള്ള ഒമ്പത് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ഇംഗ്ലണ്ടിലേക്ക് ചേക്കേറുന്ന താരം നിറകണ്ണുകളോടെയാണ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. പടിയിറങ്ങിയാലും താനെന്നും റയലിന്‍റെ ആരാധകനായിരിക്കുമെന്ന് കാസെമിറോ പറഞ്ഞു.
'മാഡ്രിഡിന്‍റെ ഗോളുകളും കിരീടങ്ങളും ആഘോഷിക്കുന്നത് ഞാന്‍ തുടരും. ഈ ക്ലബ്ബ് വിജയിക്കുന്നത് തുടരും, കാരണം ഇത് ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബാണ്. റയലിനൊപ്പം ഒരുപാട് വിജയങ്ങള്‍ നേടാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ക്ലബ്ബിനൊപ്പം എന്നും കളിക്കാനാവുന്നതാണ് ഏറ്റവും വലിയ ബഹുമതിയെന്നാണ് എപ്പോഴും തോന്നിയിട്ടുള്ളത്' - 30കാരനായ കാസെമിറോ പറഞ്ഞു.
താരത്തിന്‍റെ സേവനത്തിന് വികാരാധീനനായാണ് റയൽ മാഡ്രിഡ് പ്രസിഡന്‍റ് ഫ്ലോറന്‍റിനോ പെരസും നന്ദി അറിയിച്ചത്. ക്ലബ്ബിനായുള്ള കാസെമിറോയുടെ പ്രവര്‍ത്തനങ്ങളെ പെരസ് പ്രശംസിച്ചു. ഇത്രയും വർഷങ്ങളിലെ താരത്തിന്‍റെ പ്രകടനം എപ്പോഴും മാതൃകാപരമായിരുന്നു.
സ്വന്തം ഭാവി തീരുമാനിക്കാനുള്ള കാസെമിറോയുടെ അവകാശം മാനിക്കുന്നുവെന്നും പെരസ് പറഞ്ഞു.'നിങ്ങൾ എപ്പോഴും ഞങ്ങളിൽ ഒരാളായിരിക്കും... നന്ദി, കാസെമിറോ, ഇത് എപ്പോഴും നിങ്ങളുടെ വീടായിരിക്കും' - പെരസ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായ കാസെമിറോ 2013 മുതൽ റയലിന്‍റെ ഭാഗമായിരുന്നു. റയലിനൊപ്പം മൂന്ന് ലാലിഗ കിരീടങ്ങളും, അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും, യുവേഫ സൂപ്പര്‍ കപ്പും, ക്ലബ് ലോകകപ്പും താരം സ്വന്തമാക്കിയിട്ടുണ്ട്. റയലില്‍ നിന്നും 70 മില്യണ്‍ യൂറോയ്‌ക്ക് നാല് വര്‍ഷത്തേക്കാണ് 30കാരനായ കാസെമിറോ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കെത്തുന്നത്.