ഓൾഡ് ട്രാഫോർഡ് : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനെതിരെ തകർപ്പൻ വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ക്ലബ്ബിന്‍റെ തന്നെ തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്‍റെ വിജയം. ഫ്രെഡ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരുടെ ഗോളുകളാണ് യുണൈറ്റഡിനെ വിജയത്തിലേക്ക് നയിച്ചത്.
ന്യൂകാസിലിനെതിരായ മത്സരത്തിൽ സമനില വഴങ്ങിയ യുണൈറ്റഡിന് ടോട്ടൻഹാമുമായുള്ള മത്സരം ഏറെ നിർണായകമായിരുന്നു. കഴിഞ്ഞ കളിയിൽ നിന്ന് ഏറെ വ്യത്യസ്‌തമായാണ് ടീം ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ പന്തുതട്ടിയത്. മത്സരത്തിന്‍റെ തുടക്കം മുതൽ ഇരു ടീമുകളും മികച്ച രീതിയിലാണ് കളിച്ചത്.
മത്സരത്തിൽ ഭൂരിഭാഗവും പന്ത് യുണൈറ്റഡിന്‍റെ കൈവശമായിരുന്നു. 10 തവണയാണ് യുണൈറ്റഡ് ടോട്ടൻഹാമിന്‍റെ ഗോൾ പോസ്റ്റിലേക്ക് നിറയൊഴിച്ചത്. ആദ്യ പകുതിയിൽ കനത്ത രീതിയിൽ യുണൈറ്റഡ് ആക്രമണം അഴിച്ചുവിട്ടെങ്കിലും ഗോളുകൾ മാത്രം നേടാനായില്ല. ഇതോടെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.
എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ യുണൈറ്റഡിന് ആദ്യ ഗോൾ നേടാനായി. 47-ാം മിനിട്ടിൽ ഫ്രെഡിന്‍റെ വകയായിരുന്നു ഗോൾ. പിന്നാലെ 69-ാം മിനിട്ടിൽ ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ വക രണ്ടാം ഗോളും നേടി യുണൈറ്റഡ് ലീഡ് ഉയർത്തി. മറുപടി ഗോളിനായി ടോട്ടൻഹാം കിണഞ്ഞ് ശ്രമിച്ചെങ്കിലും യുണൈറ്റഡ് പ്രതിരോധത്തെ മറികടക്കാനായില്ല.
വിജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് 19 പോയിന്‍റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് 5-ാം സ്ഥാനത്തേക്കെത്തി. 11 മത്സരങ്ങളിൽ നിന്ന് 23 പോയിന്‍റുമായി ടോട്ടൻഹാം മൂന്നാം സ്ഥാനത്താണ്. 10 മത്സരങ്ങളിൽ നിന്ന് 23 പോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തും ഇത്രതന്നെ മത്സരങ്ങളിൽ നിന്ന് 27 പോയിന്‍റുമായി ആഴ്‌സണല്‍ ഒന്നാം സ്ഥാനത്തും ബഹുദൂരം മുന്നിലാണ്.