ലണ്ടന്‍: കറബാവോ കപ്പ് (ഇഎഫ്എല്‍) സ്വന്തമാക്കി കിരീട വരള്‍ച്ചയ്‌ക്ക് വിരാമമിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ ഞായറാഴ്‌ച രാത്രി നടന്ന കലാശപ്പോരാട്ടത്തില്‍ ന്യൂകാസിലിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ചുവന്ന ചെകുത്താന്മാര്‍ തകര്‍ത്തത്. കാസിമിറോ, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് എന്നിവരായിരുന്നു യുണൈറ്റഡിനായി എതിര്‍വലയില്‍ പന്തെത്തിച്ചത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ആറാമത് ഇഎഫ്എല്‍ കിരീടമാണിത്. ആറ് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് യുണൈറ്റഡ് ഒരു മേജര്‍ ട്രോഫിയില്‍ മുത്തമിടുന്നത്. 2016-17 സീസണിലെ യൂറോപ്പ ലീഗ് കിരീട നേട്ടത്തിന് ശേഷം മറ്റൊന്നും യുണൈറ്റഡിന് അവകാശപ്പെടാനുണ്ടായിരുന്നില്ല.
മത്സരം തുടങ്ങി 33-ാം മിനിട്ടിലാണ് യുണൈറ്റഡ് ആദ്യ ഗോള്‍ അടിച്ചത്. ലൂക്ക് ഷായുടെ അസിസ്റ്റില്‍ നിന്നായിരുന്നു മധ്യനിരതാരം കാസിമിറോ ന്യൂകാസില്‍ വലകുലുക്കിയത്. ആദ്യ ഗോള്‍ വഴങ്ങിയതിന്‍റെ ഞെട്ടലില്‍ നിന്നും കരകയറും മുന്‍പ് തന്നെ യുണൈറ്റഡ് രണ്ടാം ഗോളും ന്യൂകാസിലിന്‍റെ വലയിലെത്തിച്ചു.
മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്‍റെ വകയായിരുന്നു ഈ ഗോള്‍. വൗട്ട് വെഗോര്‍സ്റ്റിന്‍റെ അവസാന പാസില്‍ നിന്നാണ് റാഷ്‌ഫോര്‍ഡ് ലക്ഷ്യം കണ്ടത്. താരത്തിന്‍റെ സീസണിലെ അഞ്ചാം ഇഎഫ്‌എല്‍ ഗോളായിരുന്നു ഇത്.
ഫിനിഷിങ്ങിലെ പാളിച്ചകാളാണ് മത്സരത്തില്‍ ന്യൂകാസിലിന് തിരിച്ചടിയായത്. സെമിയില്‍ യുണൈറ്റഡ് നോട്ടിങ്‌ഹാം ഫോറസ്റ്റിനെയും, ന്യൂകാസില്‍ സതാംപ്‌ടണിനെയും തകര്‍ത്താണ് കലാശക്കളിക്ക് ടിക്കറ്റെടുത്തത്. നോട്ടിങ്‌ഹാം ഫോറസ്റ്റിനെ രണ്ട് പാദങ്ങളിലായി നടന്ന മത്സരങ്ങളില്‍ 5-0നാണ് യുണൈറ്റഡ് തോല്‍പ്പിച്ചത്.
മറുവശത്ത് ന്യൂകാസില്‍ സതാംപ്‌ടണിനെ 3-1നാണ് കീഴടക്കിയത്. സതാംപ്‌ടണിന്‍റെ മൈതാനത്ത് നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ന്യൂകാസില്‍ ജയം പിടിച്ചത്. രണ്ടാം പാദത്തില്‍ തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ ഒരു ഗോള്‍ വഴങ്ങിയെങ്കിലും രണ്ടെണ്ണം തിരിച്ചടിച്ച് അവര്‍ ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ കുതിപ്പ്: യുവേഫ യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ നിന്നും ബാഴ്‌സലോണയെ പുറത്താക്കി പ്രീ ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിച്ചതിന് പിന്നാലെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഈ കിരീട നേട്ടം. യൂറോപ്പ ലീഗ് പ്രീ ക്വാര്‍ട്ടറില്‍ സ്‌പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയ്‌ക്കെതിരെ രണ്ട് പാദങ്ങളിലായി നടന്ന മത്സരങ്ങളില്‍ 4-3നാണ് യുണൈറ്റഡ് ജയം പിടിച്ചത്. പ്രീ ക്വാര്‍ട്ടറില്‍ റയല്‍ ബെറ്റിസാണ് യുണൈറ്റഡിന്‍റെ എതിരാളികള്‍.
പ്രീമിയര്‍ ലീഗിലും മിന്നും പ്രകടനമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്തെടുക്കുന്നത്. നിലവില്‍ പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരാണ് യുണൈറ്റഡ്. 24 മത്സരങ്ങളില്‍ നിന്ന് 49 പോയിന്‍റാണ് ടീമിന്‍റെ സമ്പാദ്യം.