വെംബ്ലി: എഫ്‌എ കപ്പ് ഫുട്‌ബോൾ ഫൈനലിൽ മാഞ്ചസ്റ്റർ ഡർബിക്ക് കളമൊരുങ്ങി. സെമി ഫൈനലിൽ ബ്രൈറ്റണെ കീഴടക്കിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. നിശ്ചിത 90 മിനിറ്റും അധികസമയത്തും ഗോൾ പിറക്കാതിരുന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 7-6 ന് ആയിരുന്നു യുണൈറ്റഡിന്‍റെ വിജയം. ബ്രൈറ്റൺ താരം സോളി മാർഷിന്‍റെ കിക്കാണ് പുറത്തുപോയത്.
യുറോപ്പ കപ്പിൽ സെവിയ്യക്കെതിരായ തോൽവിക്ക് പിന്നാലെ ബ്രൈറ്റണെ നേരിടാനെത്തിയ മാഞ്ചസ്റ്ററിന് വെംബ്ലിയിൽ അഭിമാന പോരാട്ടമായിരുന്നു. പരിക്ക് വേട്ടയാടുന്ന യുണൈറ്റഡ് പ്രതിരോധത്തിലാണ് കൂടുതൽ വെല്ലുവിളി നേരിട്ടത്. ടാക്കിളുകളും ഫൗളുകളും നിറഞ്ഞ ആദ്യപകുതി കൂടുതൽ പരിക്കനായിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ബ്രൂണോ ഫെർണാണ്ടസ്, എറിക്‌സൺ എന്നിവർ ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. രണ്ടാം പകുതിയിൽ ബ്രൈറ്റൺ കൂടുതൽ മുന്നേറ്റങ്ങൾ നടത്തി. 57-ാം മിനിറ്റിൽ മികച്ച സേവിലൂടെ ഡിഗിയ യുണൈറ്റഡിനെ കാത്തു. തൊട്ടുപിന്നാലെ സോളി മാർഷിന്‍റെ ശ്രമവും ഡിഗിയ കൈപിടിയിലാക്കി. മറുവശത്ത് വലതു വിങ്ങിലൂടെ വാൻ ബിസാക നടത്തിയ മുന്നേറ്റം മുതലെടുക്കാൻ യുണൈറ്റഡിനായില്ല.
മത്സരം 60 പിന്നിട്ടതോടെ ഇരു ടീമുകളും കൂടുതൽ മാറ്റങ്ങൾ വരുത്തിയെങ്കിലും ഗോൾ പിറന്നില്ല. നിശ്ചിത 90 മിനിട്ടിൽ ഇരുടീമുകളും ഗോൾ നേടാതിരുന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. അധിക സമയത്ത് 104-ാം മിനിറ്റിൽ മാർകസ് റാഷ്‌ഫോർഡിന്‍റെ ഗോളെന്നുറപ്പിച്ച ഷോട്ട് ഗോൾകീപ്പർ രക്ഷപ്പെടുത്തി. തുടർന്നും ഇരു ടീമുകളും കൃത്യമായ അവസരങ്ങൾ മുതലെടുക്കാൻ പ്രയാസപ്പെട്ടതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.