ലണ്ടന്‍:തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. ഇന്നലെ നടന്ന മത്സരത്തില്‍ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ആഴ്‌സണല്‍ നോട്ടിങ്‌ഹാം ഫോറസ്റ്റിനോട് തോല്‍വി വഴങ്ങിയതാണ് സിറ്റിക്ക് തുണയായത്. ഇനി മൂന്ന് മത്സരം ബാക്കിനില്‍ക്കെയാണ് സിറ്റിയുടെ കിരീടനേട്ടം.
ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആകെ പ്രീമിയര്‍ ലീഗ് കിരീടങ്ങളുടെ എണ്ണം 9 ആയി. അവസാന ആറ് സീസണുകളില്‍ സിറ്റിയുടെ അഞ്ചാം കിരീട നേട്ടമാണിത്.
35 മത്സരങ്ങളില്‍ നിന്നും 27 ജയം സ്വന്തമാക്കിയ സിറ്റി 85 പോയിന്‍റുമായാണ് കിരീടം നിലനിര്‍ത്തിയത്. 37 മത്സരങ്ങളില്‍ നിന്ന് 81 പോയിന്‍റാണ് രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിന്. ലീഗിന്‍റെ ഭൂരിഭാഗം സമയങ്ങളിലും ഒന്നാം സ്ഥാനത്തായിരുന്ന ആഴ്‌സണലിന് അവസാന ഘട്ടങ്ങളിലേറ്റ തോല്‍വികളാണ് തിരിച്ചടിയായത്.
ന്യൂകാസില്‍ യുണൈറ്റഡ് ആണ് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 36 മത്സരങ്ങളില്‍ നിന്നും 69 പോയിന്‍റാണ് അവര്‍ക്കുള്ളത്. അത്രതന്നെ മത്സരങ്ങളില്‍ അത്രയും പോയിന്‍റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാലാം സ്ഥാനത്താണ്.
Also Read :തകർച്ചയിൽ നിന്ന് പ്രതാപത്തിലേക്കുള്ള മടക്കമോ ? ; സാവിയുടെ ചാണക്യ തന്ത്രങ്ങളിൽ ഉയിർത്തെഴുന്നേറ്റ് ബാഴ്‌സലോണ
ഇന്നലെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ആഴ്‌സണല്‍ നോട്ടിങ്‌ഹാം ഫോറസ്റ്റിനോട് പരാജയപ്പെട്ടത്. തയ്‌വോ അവ്‌നോയിയുടെ ഗോളായിരുന്നു ആതിഥേയരായ നോട്ടിങ്‌ഹാമിന് ജയം സമ്മാനിച്ചത്. 19-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍ പിറന്നത്.
സിറ്റി ഗ്രൗണ്ടില്‍ കളം നിറഞ്ഞുകളിച്ചത് ആഴ്‌സണല്‍ ആയിരുന്നു. എന്നാല്‍ കിട്ടിയ അവസരങ്ങളൊന്നും മുതലെടുക്കാന്‍ ആകാതെ വന്നതോടെയാണ് ആഴ്‌സണലിന് തോല്‍വി വഴങ്ങേണ്ടി വന്നത്.
ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയം നേടിയപ്പോള്‍ ലിവര്‍പൂള്‍ ആസ്റ്റണ്‍വില്ല മത്സരം സമനിലയില്‍ കലാശിച്ചു. ബേണ്‍മൗത്തിനെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു യുണൈറ്റഡ് ജയം പിടിച്ചത്. ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലാണ് ന്യൂകാസിലിന് പിന്നില്‍ യുണൈറ്റഡ് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്.
ബേണ്‍മൗത്തിന്‍റെ മൈതാനത്ത് നടന്ന മത്സരത്തില്‍ 9-ാം മിനിറ്റില്‍ കാസിമിറോ നേടിയ ഗോളിലായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയം പിടിച്ചത്. ആന്‍ഫീല്‍ഡില്‍ ഒരുഗോളിനാണ് ആസ്റ്റണ്‍വില്ല ലിവര്‍പൂളിനെ പൂട്ടിയത്. പിന്നില്‍ നിന്നും തിരിച്ചടിച്ചാണ് ലിവര്‍പൂള്‍ മത്സരത്തില്‍ സമനില പിടിച്ചത്.
മത്സരത്തിന്‍റെ 27-ാം മിനിറ്റില്‍ ജേക്കബ് റാംസിയിലൂടെയാണ് ആസ്റ്റണ്‍വില്ല ലീഡെടുത്തത്. 89-ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിഞ്ഞോയിലൂടെയായിരുന്നു ലിവര്‍പൂളിന്‍റെ മറുപടി. 37 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 66 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് ലിവര്‍പൂള്‍.
അതേസമയം, പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ലീഗിലെ 36-ാം മത്സരത്തിനായ് ഇന്നിറങ്ങും. എത്തിഹാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പോയിന്‍റ് പട്ടികയിലെ 12-ാം സ്ഥാനക്കാരായ ചെല്‍സിയാണ് സിറ്റിയുടെ എതിരാളികള്‍.
Also Read :ആഘോഷത്തിമിർപ്പില്‍ ബാഴ്‌സലോണ, നീലയും ചുവപ്പും നിറത്തിൽ കുളിച്ച് താരങ്ങളും ആരാധകരും