സൂറിച്ച് : യുവേഫ ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് ജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി. സ്വിറ്റ്സര്‍ലൻഡ് ക്ലബ് യങ് ബോയ്‌സിനെ അവരുടെ മൈതാനത്ത് നേരിട്ട സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജയിച്ചു കയറിയത്. സിറ്റിക്കായി ഏർലിങ് ഹാലണ്ട് ഇരട്ടഗോളുകൾ നേടിയപ്പോൾ പ്രതിരോധ താരം മാന്വൽ അകാഞ്ചിയുടെ ബൂട്ടിൽ നിന്നാണ് ഒരു ഗോൾ പിറന്നത് (Manchester City vs Young Boys).
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 48-ാം മിനിറ്റിലാണ് സിറ്റി ലീഡെടുത്തത്. ബോക്‌സിന്‍റെ ഇടത് ഭാഗത്തുനിന്നും റോഡ്രിയുടെ നൽകിയ ക്രോസിൽ നിന്നുള്ള റൂബൻ ഡയാസിന്‍റെ ഹെഡർ ഗോൾകീപ്പർ തടഞ്ഞെങ്കിലും അവസരം മുതലെടുത്ത അകാഞ്ചി പന്ത് വലയിലെത്തിക്കുകയായിരുന്നു. അഞ്ച് മിനിറ്റുകൾക്കം മെഷാക് എലിയ യങ് ബോയ്‌സിനെ ഒപ്പമെത്തിച്ചു. സ്വന്തം പകുതിയിൽ നിന്നും ചെയ്‌ക് നീസ്സെ നൽകിയ നെടുനീളൻ പാസ് കൃത്യമായി ഓടിയെടുത്ത് മുന്നോട്ടുകുതിച്ച എലിയ സിറ്റി ഗോൾകീപ്പറെ കാഴ്‌ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു.
ഇതിനു ശേഷമാണ് ഇരട്ട ഗോളുമായി ഹാലണ്ട് സിറ്റിയുടെ ഹീറോയായത്. റോഡ്രിയെ ബോക്‌സിൽ വീഴ്‌ത്തിയതിന് കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ഹാലണ്ട് സിറ്റിക്ക് ലീഡ് സമ്മാനിച്ചു. അവസാന അഞ്ച് ചാമ്പ്യൻസ് ലീഗി മത്സരങ്ങളിൽ നിന്നും ഹാലണ്ടിന് ഗോൾ നേടാനായിരുന്നില്ല.