മാഞ്ചസ്റ്റർ : യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. സെർബിയൻ ക്ലബ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ നേരിട്ട മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് വിജയിച്ചത് (Manchester City Vs Red Star Belgrade). സിറ്റിക്കായി ജൂലിയൻ അൽവാരസ് (Julian Alvarez) ഇരട്ടഗോൾ നേടിയപ്പോൾ മധ്യനിര താരം റോഡ്രിയുടെ വകയായിരുന്നു മൂന്നാം ഗോൾ. ഒസ്‌മാൻ ബുഖാരിയാണ് റെഡ് സ്റ്റാറിനായി ഗോൾ നേടിയത്.
സൂപ്പർ സ്‌ട്രൈക്കർ ഹാലണ്ടിന് ഈ മത്സരത്തിലും ഗോൾ നേടാനായില്ല. കഴിഞ്ഞ മത്സരങ്ങളിലെന്ന പോലെ ഈ മത്സരത്തിലും നിർഭാഗ്യമാണ് ഹാലണ്ടിനെ വേട്ടയാടിയത്. നിരവധി അവസരങ്ങള്‍ കിട്ടിയിട്ടും ഹാലണ്ടിന്‍റെ ഒരു ഷോട്ടും വലയില്‍ എത്തിയില്ല. 76 ശതമാനം പന്ത് കൈവശം വച്ച സിറ്റി മത്സരത്തിൽ ആകെ 37 ഷോട്ടുകളാണ് ഉതിർത്തത്.
സിറ്റിയുടെ മൈതാനമായ ഇത്തിഹാദില്‍ നടന്ന മത്സരത്തില്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡാണ് ലീഡെടുത്തത്. തുടർന്ന് രണ്ടാം പകുതിയിൽ മൂന്നെണ്ണം തിരിച്ചടിച്ചാണ് സിറ്റി ജയം നേടിയത്. തുടക്കം മുതൽ മാഞ്ചസ്റ്റര്‍ സിറ്റി നിരവധി അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ഗോള്‍ വന്നില്ല. ആദ്യ പകതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെയാണ് സിറ്റിയെ ഞെട്ടിച്ചുകൊണ്ട് സന്ദർശകർ ഗോൾ നേടിയത്. കൗണ്ടർ അറ്റാക്കിൽ നിന്നാണ് ഒസ്‌മാൻ ബുഖാരി ലക്ഷ്യം കണ്ടത്.