ലണ്ടൻ : ഇംഗ്ലീഷ് ലീഗ് കപ്പിൽ ആഴ്‌സണണലും ലിവർപൂളും അടക്കമുള്ള വമ്പൻമാർ ജയം നേടിയപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് ഇത്തവണയും കാലിടറി (EFL third round Results). ലിവർപൂൾ ലെസ്റ്റർ സിറ്റിയെയും ആഴ്‌സണൽ ബ്രെന്‍റ്‌ഫോർഡിനെയും ചെൽസി ബ്രൈറ്റണെയും പരാജയപ്പെടുത്തി. മൂന്നാം റൗണ്ടിൽ ന്യൂകാസിൽ യുണൈറ്റഡിനോട് തോൽവി വഴങ്ങിയാണ് സിറ്റി പുറത്തായത്.
സിറ്റിയെ വീഴ്‌ത്തി ന്യൂകാസിൽ (Newcastle United vs Manchester City): തുടർച്ചയായ രണ്ടാം തവണയാണ് സിറ്റി കറബാവോ കപ്പിൽ സെമി ഫൈനൽ കാണാതെ പുറത്താകുന്നത്. ന്യൂകാസില്‍ യുണൈറ്റഡിനെതിരായ മൂന്നാം റൗണ്ട് മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി പരാജയപ്പെട്ടത്. മത്സരത്തിന്റെ 52-ാം മിനിറ്റില്‍ സ്വീഡിഷ് താരം ഇസാക് ആണ് ന്യൂകാസിലിനായി വിജയഗോൾ കണ്ടെത്തിയത്. ജോലിന്‍റൻ നല്‍കിയ പാസിൽ നിന്നാണ് മത്സരത്തിലെ ഏകഗോൾ പിറന്നത്.
ഗോൾ വഴങ്ങിയതോടെ മാഞ്ചസ്റ്റര്‍ സിറ്റി പല മാറ്റങ്ങളും വരുത്തിയെങ്കിലും സമനില ഗോള്‍ നേടാൻ ആയില്ല. സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലണ്ടിന്റെ അഭാവവും സിറ്റിക്ക് തിരിച്ചടിയായി. ഹാലണ്ട് പകരക്കാരുടെ നിരയിൽ ഉണ്ടായിരുന്നെങ്കിലും കളത്തില്‍ ഇറക്കാൻ പെപ് കൂട്ടാക്കിയില്ല.
ഗംഭീര തിരിച്ചുവരവുമായി ലിവർപൂൾ (Liverpool Vs Leicester City); ലെസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ ലീഡ് വഴങ്ങിയ ശേഷം മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് ലിവർപൂൾ ജയം സ്വന്തമാക്കിയത്. ആൻഫീൽഡിൽ നടന്ന മത്സരത്തിന്‍റെ മൂന്നാം മിനുട്ടിൽ തന്നെ ലെസ്റ്റർ സിറ്റി ഞെട്ടിക്കുകയായിരുന്നു. കാസി മക്‌അറ്റീർ നേടിയ ഗോളിലാണ് സന്ദർശകർ മുന്നിലെത്തിയത്.
ആദ്യ പകുതിയിൽ ലെസ്റ്റർ പ്രതിരോധം മറികടക്കുന്നതിൽ പരാജയപ്പെട്ട ലിവർപൂൾ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും തിരിച്ചടിച്ചത്. 48-ാം മിനിറ്റിൽ കോഡി ഗാക്‌പോ നേടിയ ഗോളിലൂടെ സമനില പിടിച്ച ക്ലോപ്പിന്‍റെ സംഘം ഡൊമിനിക് സോബോസ്ലായ്, ഡിയഗോ ജോട്ട എന്നിവർ നേടിയ ഗോളിലാണ് ജയമുറപ്പിച്ചത്.
ആഴ്‌സണൽ നാലാം റൗണ്ടിൽ (Arsenal Vs Brentford): പ്രീമിയർ ലീഗിലെ അട്ടിമറി വീരൻമാരായ ബ്രെന്‍റ്‌ഫോർഡിനെ പരാജയപ്പെടുത്തിയാണ് ആഴ്‌സണൽ കറബാവോ കപ്പിന്‍റെ നാലാം റൗണ്ടിലേക്ക് മുന്നേറിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഗണ്ണേഴ്‌സിന്‍റെ വിജയം. മത്സരത്തിന്‍റെ എട്ടാം മിനിറ്റില്‍ റീസ് നെൽസനാണ് ഗോൾ നേടിയത്. ഗോൾകീപ്പർ ആരോൺ റാംസെഡിലിന്‍റെ പ്രകടനവും ജയത്തിൽ നിർണായകമായി.
ചെൽസിക്കും പൊച്ചെട്ടീനോക്കും ആശ്വാസം (Chelsea Vs Brighton): സീസണിലെ മോശം പ്രകടനത്തിനിടയിൽ ചെൽസിക്ക് ആശ്വാസമായി കറബാവോ കപ്പിലെ വിജയം. സ്റ്റാംഫോർഡ് ബ്രിഡ്‌ജിൽ ബ്രൈറ്റണെ നേരിട്ട ചെൽസി എതിരില്ലാത്ത ഒരു ഗോളിനാണ് ജയം നേടിയത്. രണ്ടാം പകുതിയിൽ കോൾ പാൽമർ നൽകിയ പാസിൽ നിന്ന നികോളാസ് ജാക്‌സൺ നേടിയ ഗോളാണ് ചെൽസിക്ക് ജയം സമ്മാനിച്ചത്.