മാഞ്ചസ്‌റ്റർ: ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ ക്ലാസിക് പോരാട്ടത്തിൽ മാഞ്ചസ്‌റ്റർ സിറ്റിയും ലിവർപൂളും സമനിലയിൽ പിരിഞ്ഞു. സിറ്റിയുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ ഇരു ടീമും രണ്ടു ഗോള്‍ വീതം നേടി സമനില പാലിച്ചതോടെ പ്രീമിയര്‍ ലീഗിലെ കിരീടപ്പോരാട്ടവും കനത്തു. 31 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 74 പോയിന്‍റോടെ സിറ്റി ഒന്നാം സ്ഥാനത്തും 73 പോയിന്‍റുമായി ലിവര്‍പൂള്‍ തൊട്ടുപിന്നിലാണ്.
അഞ്ചാം മിനിറ്റിൽ ബെര്‍ണാഡോ സില്‍വയുടെ പാസില്‍ നിന്നും കെവിൻ ഡിബ്രുയിൻ സിറ്റിയെ മുന്നിലെത്തിച്ചു. ഗോൾ വഴങ്ങിയ ലിവർപൂൾ ആക്രമണം കനപ്പിച്ചു. നിരന്തരാമായ അറ്റാക്കിന് ഫലം കണ്ടത് 13-ാം മിനിറ്റിൽ. റോബര്‍ട്‌സണ്‍ തുടങ്ങിവെച്ച മുന്നേറ്റത്തിനൊടുവിൽ അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിന്‍റെ പാസിൽ നിന്നും ഡിയോഗോ ജോട്ട സിറ്റി വലകുലുക്കി.
വീണ്ടും ഇരു ടീമുകളും ആക്രമണങ്ങള്‍ തുടർന്നു. 36-ാം മിനിറ്റില്‍ കാന്‍സലോയുടെ ക്രോസില്‍ നിന്നും ഗബ്രിയേല്‍ ജെസ്യൂസിലൂടെ സിറ്റി വീണ്ടും മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സാദിയോ മാനെയിലൂടെ ലിവർപൂൾ ഗോൾ മടക്കി. മുഹമ്മദ് സലായുടെ പാസ് സാദിയോ മാനെ വലയിലെത്തിക്കുകയായിരുന്നു.
ALSO READ:EPL | പ്രീമിയർ ലീഗിൽ ചെല്‍സിയുടെ ഗോളടിമേളം, ആഴ്‌സണലിനെ ഞെട്ടിച്ച് ബ്രൈറ്റൺ
പിന്നാലെ 63-ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ് പന്ത് വലയിലെത്തിച്ചെങ്കിലും വാര്‍ പരിശോധനയില്‍ അത് ഓഫ്‌സൈഡായിരുന്നു. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ മഹ്‌റസിന്‍റെ ഫ്രീകിക്ക് പോസ്റ്റിലിടിച്ച് മടങ്ങി. ലീഗിൽ ഇനി ബാക്കിയുള്ളത് ആകെ ഏഴ് മത്സരങ്ങളാണ്. ഏതെങ്കിലും മത്സരത്തിൽ ജയത്തിൽ കുറഞ്ഞ ഫലം കിരീടപ്പോരിൽ നിന്നും പിന്നോട്ടടിക്കും.