മാഞ്ചസ്റ്റര്‍ :സെർജിയോ അഗ്യൂറോയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി. ആദ്യ പ്രീമിയർ ലീഗ് കിരീടത്തിന്‍റെ പത്താം വാർഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് ക്ലബ്ബിന്‍റെ ഇതിഹാസ താരത്തിന്‍റെ പ്രതിമ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ അനാച്ഛാദനം ചെയ്‌തത്. 2011ല്‍ ക്വീൻസ് പാർക്ക് റേഞ്ചേഴ്‌സിനെ 3-2ന് തോല്‍പ്പിച്ചാണ് സിറ്റി ആദ്യ ലീഗ് കിരീടം നേടിയത്.
2-2ന് എന്ന സ്‌കോറില്‍ സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്‍റെ 93ാം മിനിട്ടില്‍ അഗ്യൂറോ നേടിയ ഗോളാണ് സിറ്റിയുടെ വിജയം ഉറപ്പിച്ചത്. ഇതോടെ 44 വർഷത്തെ കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനും സംഘത്തിന് കഴിഞ്ഞു. മാഞ്ചസ്റ്ററിലെ തന്‍റെ ഫുട്ബോൾ കരിയറിന് അംഗീകാരമായി ഈ പ്രതിമ നിർമിച്ചതിന് ക്ലബ്ബിനോട് വളരെ നന്ദിയുള്ളവനാണെന്ന് അഗ്യൂറോ പ്രതികരിച്ചു.