വെംബ്ലി: എഫ് എ കപ്പ് സെമി ഫൈനലിൽ ഇന്ന് സുപ്പർ പോരാട്ടം. പെപ് ഗ്വാർഡിയോളക്ക് കീഴിലിറങ്ങുന്ന മാഞ്ചസ്‌റ്റർ സിറ്റി ശക്‌തരായ ലിവർപൂളുമായി ഏറ്റുമുട്ടും. ചുരുങ്ങിയ ദിവസങ്ങൾക്ക് ഉള്ളിൽ ഇത് രണ്ടാം തവണയാണ് സിറ്റി ലിവര്‍പൂൾ മത്സരം. പ്രീമിയര്‍ ലീഗില്‍ ഇരുടീമുകളും കഴിഞ്ഞ ഞായറാഴ്‌ച മത്സരിച്ചപ്പോള്‍ 2-2ന് സമനിലയില്‍ കലാശിക്കുകയായിരുന്നു.
എഫ്എ കപ്പ് ക്വാർട്ടർ ഫൈനലിൽ സതാംപ്‌ടണിനെ പരാജയപ്പെടുത്തിയാണ് സിറ്റി സെമി ഫൈനലിലേക്ക് മുന്നേറിയത്. അതേ സമയം, നോട്ടിങ്ഹാം ഫോറസ്റ്റിനെയാണ് ലിവർപൂൾ വീഴ്ത്തിയത്. മത്സരത്തിൽ വിജയിക്കുന്നവർ, എഫ്എ കപ്പ് കിരീടത്തിനായി ചെൽസി - ക്രിസ്റ്റൽ പാലസ് സെമി ഫൈനൽ മത്സരത്തിലെ വിജയികളെ നേരിടും.
പരിക്കിന്‍റെ പിടിയിൽ സിറ്റി;മാഞ്ചസ്റ്റര്‍ സിറ്റി നിരയിലെ രണ്ട് പ്രധാന താരങ്ങളായ കെവിന്‍ ഡി ബ്രൂയിന്‍, കെയില്‍ വാക്കര്‍ എന്നിവര്‍ ലിവർപുളിനെതിരെ ഉണ്ടായേക്കില്ല. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെയുള്ള ചാംമ്പ്യന്‍സ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തില്‍ കാലിന് പരിക്കേറ്റ ഇരുവർക്കും എഫ്.എ കപ്പിന്‍റെ സെമി ഫൈനല്‍ നഷ്‌ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. സീസണിലുടനീളം സിറ്റിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന ഈ താരങ്ങള്‍ ഇല്ലാതെ ലിവര്‍പൂളിനെതിരെ കളത്തിലിറങ്ങുന്നത് സിറ്റിക്ക് കനത്ത തിരിച്ചടിയാകും.
ALSO READ:EPL | മാഞ്ചസ്‌റ്റർ സിറ്റി - ലിവർപൂൾ മത്സരം സമനിലയിൽ; പ്രീമിയര്‍ ലീഗിൽ കിരീട പോരാട്ടം ഇഞ്ചോടിഞ്ച്
മറുവശത്ത് ലിവർപൂൾ പൂർവ്വാധികം ശക്‌തിയോടെയാണ് വെംബ്ലിയിൽ ഇറങ്ങുക. ബെൻഫിക്കയ്‌ക്കെതിരായ ചാംമ്പ്യന്‍സ് ലീഗ് ക്വാർട്ടറിൽ പ്രധാന താരങ്ങൾക്കെല്ലാം വിശ്രമമനുവദിച്ച ക്ലോപ്പ് 3-3 ന്‍റെ സമനിലയുമായിട്ടാണ് അവസാനിപ്പിച്ചത്. ആദ്യ പാദത്തിലെ 3-1 ന്‍റെ ജയത്തോടെ 6-4 അഗ്രിഗേറ്റ് സ്‌കോറിലാണ് ബെൻഫിക്കയെ മറികടന്നത്.