മാഡ്രിഡ്: അത്ലറ്റികോ മാഡ്രിഡിനെ മറികടന്ന് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍. മാഡ്രിഡിൽ നടന്ന രണ്ടാം പാദത്തിൽ മികച്ച പ്രകടനം നടത്തിയിട്ടും ഗോൾ നേടാനാവാത്തത് സിമിയോണിക്കും സംഘത്തിനും പുറത്തേക്കുള്ള വഴി തുറന്നു. മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചെങ്കിലും ആദ്യ പാദത്തിൽ നേടിയ 1-0 ന്‍റെ വിജയം സിറ്റിയെ സെമിയിലേക്ക് നയിച്ചു.
5-4-1 ആയിരിന്നു രണ്ടാം പാദത്തിലെ അത്‌ലറ്റിക്കോയുടെ ഫോര്‍മേഷന്‍. ഈ ഫോര്‍മേഷന്‍ വിജയം കണ്ടെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കുന്നതില്‍ സിമയോണിയുടെ സംഘത്തിന് വിജയിക്കാനായില്ല. ആദ്യ പാദത്തില്‍ പൂജ്യം ഷോട്ട് പായിച്ച അത്‌ലറ്റിക്കോ രണ്ടാം പാദത്തില്‍ 14 ഷോട്ടുകള്‍ ഉതിര്‍ത്തു. ഇതില്‍ മൂന്നെണ്ണം ഷോട്ട് ഓണ്‍ ടാര്‍ഗറ്റാവുകയും ചെയ്‌തു.
രണ്ടാം പകുതിയിൽ സിറ്റിക്ക് എതിരെ തുടർ ആക്രമണങ്ങൾ അത്ലറ്റിക്കോ മാഡ്രിഡ് നടത്തിയെങ്കിലും ഗോള്‍ വീണില്ല. ഗ്രീസ്‌മാന്‍റെ ഷോട്ട് പോസ്റ്റില്‍ തട്ടിപോയതായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്‍റെ മികച്ച അവസരം. അവസാന നിമിഷങ്ങളിൽ ലൂയിസ് സുവാരസിനെയും ഇറക്കി നോക്കിയെങ്കിലും ഗോള്‍ പിറന്നില്ല.
ALSO READ:ചാമ്പ്യന്‍സ് ലീഗ്: ബയേൺ കടന്ന് വിയ്യാറയൽ, 2006 ന് ശേഷം ആദ്യ സെമി ഫൈനൽ
അവസാന നിമിഷങ്ങളിൽ ഫിലിപെ ചുവപ്പ് കണ്ട് പുറത്തായത് അത്ലറ്റിക്കോയുടെ പോരാട്ടത്തെ ബാധിച്ചു. 15 ഫൗളുകളാണ് മത്സരത്തിലുണ്ടായത്. അത്‌ലറ്റിക്കോ രണ്ട് മഞ്ഞക്കാര്‍ഡും ഒരു ചുവപ്പ് കാര്‍ഡും വാങ്ങിയപ്പോള്‍ സിറ്റി താരങ്ങള്‍ അഞ്ച് മഞ്ഞക്കാര്‍ഡും വാങ്ങി. ഏപ്രില്‍ 27ന് നടക്കുന്ന ആദ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡുമായി നേരിടും.