മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പദത്തിൽ ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിനെ തകർത്തെറിഞ്ഞ് മാഞ്ചസ്റ്റർ സിറ്റി. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പെപ് ഗ്വാർഡിയോളയും സംഘവും ജയം നേടിയത്. സിറ്റിക്കായി റോഡ്രി, ബെർണാഡോ സിൽവ, എർലിങ് ഹാലണ്ട് എന്നിവരാണ് ലക്ഷ്യം കണ്ടത്.
സ്വന്തം കാണികൾക്ക് മുന്നിൽ മികച്ച രീതിയിൽ തുടങ്ങിയ സിറ്റി, ബയേൺ പ്രതിരോധത്തിന് വെല്ലുവിളി സൃഷ്‌ടിച്ചു. മത്സരത്തിന്‍റെ 14-മിനിറ്റില്‍ ഗോൾ കീപ്പർ സോമറിന്‍റെ പിഴവിൽ സിറ്റിക്ക് അവസരം ലഭിച്ചെങ്കിലും ഭാഗ്യംകൊണ്ട് മാത്രമാണ് ബയേൺ രക്ഷപ്പെട്ടത്. ഗോൾലൈനിന് അരികിൽ പ്രതിരോധ താരത്തിൽ നിന്ന് പാസ് സ്വീകരിച്ച സോമർ ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഹാലണ്ടിന്‍റെ ശ്രമം ഫലംകണ്ടില്ല. 22-ാം മിനിറ്റിൽ ഹാലണ്ടിന് ലഭിച്ച ആദ്യ അവസരം ഗോൾകീപ്പർ രക്ഷപ്പെടുത്തി.
27-ാം മിനിറ്റിൽ സിറ്റി ലീഡെടുത്തു. തുടർച്ചയായ മുന്നേറ്റത്തിനൊടുവിൽ ബെർണാഡോ സിൽവയുടെ പാസിൽ നിന്നും 30 വാര അകലെ നിന്നുള്ള റോഡ്രിയുടെ ഷോട്ട് ബയേൺ വലയിൽ പറന്നിറങ്ങി. മാഞ്ചസ്റ്റർ സിറ്റി ജഴ്‌സിയിൽ റോഡ്രിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു ഇത്.
ഇതിനിടെ ഡി ബ്രൂയിന്‍ ബോക്‌സിലേക്ക് നൽകിയ ക്രോസിൽ നിന്നും ഇൽകായ് ഗുണ്ടോഗന്‍റെ ശ്രമവും ഗോൾകീപ്പർ വിഫലമാക്കി. ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ സാനെയുടെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്ത് പോയതോടെ ആദ്യ പകുതി 1-0 ൽ അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ്ടും സിറ്റിക്ക് വെല്ലുവിളിയായി സാനെയുടെ മുന്നേറ്റങ്ങൾ. ഇത്തവണ ഗോൾകീപ്പർ എഡേഴ്‌സൺ സിറ്റിയെ കാത്തു. തുടർന്നും സാനെയുടെ രണ്ട് ഷോട്ടുകളാണ് സിറ്റി ഗോൾകീപ്പർ തടഞ്ഞത്. പിന്നാലെ ബയേൺ ബോക്‌സിൽ റൂബൻ ഡിയാസിന്‍റെ ശ്രമം സോമറും തടഞ്ഞതോടെ മത്സരം ആവേശത്തിലായി.
പ്രതിരോധ താരം ഉപമെകാനൊയുടെ പിഴവിൽ നിന്നും സിറ്റി ലീഡ് രണ്ടാക്കി ഉയർത്തി. ഉപമെകാനൊയിൽ സമ്മർദം ചെലുത്തിയ ഗ്രീലിഷ് പന്ത് പിടിച്ചെടുക്കുകയും ബാക്‌ഹീൽ പാസിലൂടെ ഹാലണ്ടിനു മറിച്ചു നൽകുകയും ചെയ്‌തു. പന്തുമായി ബോക്‌സിലേക്ക് കയറിയ ഹാലണ്ടിന്‍റെ ക്രോസിൽ നിന്നും ഹെഡറിലൂടെ ബെർണാഡോ സിൽവ വലകുലുക്കി. തൊട്ടുപിന്നാലെ ബയേണിന്‍റെ പിഴവിൽ നിന്നും വീണുകിട്ടിയ അവസരത്തില്‍ സിറ്റിക്ക് ലക്ഷ്യം കാണാനായില്ല.
മത്സരത്തിന്‍റെ 76-ാം മിനിറ്റിൽ മൂന്നാം ഗോൾ നേടിയ സിറ്റി ജയം ആധികാരികമാക്കി. ജൂലിയൻ അൽവാരസ് ബോക്‌സിലേക്ക് ഉയർത്തി നൽകിയ ക്രോസ് ഹെഡിലൂടെ ജോൺ സ്റ്റോൺസ് ഹാലണ്ടിന് നൽകി. സമയം കളയാതെ പന്ത് വലയിലെത്തിച്ച ഹാലണ്ട് സിറ്റിയുടെ ജയമുറപ്പിച്ചു.
മൂന്ന് ഗോളുകൾക്ക് പിന്നിലായതോടെ ബയേൺ തോമസ് മുള്ളർ, സാദിയോ മാനെ എന്നിവരെയും കളത്തിലിറക്കിയെങ്കിലും സിറ്റിയുടെ ഗോൾവല ചലിപ്പിക്കാനായില്ല. ഗോൾകീപ്പർ സോമറിന്‍റെ പ്രകടനമാണ് ബയേൺ മ്യൂണിക്കിനെ വമ്പൻ തോൽവിയിൽ നിന്നും കാത്തത്. ജയത്തോടെ മ്യൂണിക്കിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ സിറ്റിക്ക് ആത്മവിശ്വാസത്തോടയിറങ്ങാം.
മറ്റാരു മത്സരത്തിൽ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയെ കീഴടക്കി ഇന്‍റർ മിലാൻ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇറ്റാലിയൻ വമ്പന്മരുടെ വിജയം. ഇമന്‍ററിനായി നികോള ബരെല്ല, റൊമേലു ലുകാകു എന്നിവർ ഗോൾ നേടി. ഈ ചാമ്പ്യൻസ് ലീഗ് സീസണിൽ ബെൻഫിക്കയുടെ ആദ്യ തോൽവിയാണിത്.