മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടപ്പോരിൽ ആഴ്‌ണലിന് തിരിച്ചടി. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ നിർണായക മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ആഴ്‌സണൽ തകർന്നടിഞ്ഞത്. ഇത്തിഹാദിൽ നടന്ന മത്സരത്തിൽ സിറ്റിക്കായി കെവിൻ ഡി ബ്രുയിൻ ഇരട്ട ഗോളുകൾ നേടിയപ്പോൾ ജോൺ സ്റ്റോൺസ്, ഏർലിങ് ഹാലണ്ട് എന്നിവരാണ് ഗോൾ പട്ടിക പൂർത്തിയാക്കിയത്. 86-ാം മിനിറ്റിൽ റോബ് ഹോൾഡിങ്ങാണ് ആഴ്‌സണലിന്‍റെ ആശ്വാസ ഗോൾ നേടിയത്.
മത്സരം ആരംഭിച്ച് ഏഴാം മിനിറ്റിൽ കെവിൻ ഡി ബ്രുയിനെയിലൂടെ മാഞ്ചസ്റ്റർ സിറ്റി ലീഡെടുത്തു. മൈതാന മധ്യത്തിൽ നിന്ന് ഹാലണ്ട് നൽകിയ പാസ് സ്വീകരിച്ച് അതിവേഗം മുന്നേറിയ ഡി ബ്രുയിൻ ബോക്‌സിന് പുറത്തുനിന്നും ഉതിർത്ത മികച്ച ഷോട്ട് ആഴ്‌സണൽ ഗോൾകീപ്പർ റാംസ്‌ഡെലിനെ മറികടന്ന് വലയിലെത്തി. പ്രീമിയർ ലീഗിൽ സിറ്റിക്കായി നേടിയ ആറാം ഗോളായിരുന്നു ഇത്.
മത്സരത്തിന്‍റെ 25-ാം മിനിറ്റിൽ സമാനമായ ഒരു അവസരം കൂടെ ഡി ബ്രുയിന് ലഭിച്ചെങ്കിലും ലീഡ് ഉയർത്താനായില്ല. തൊട്ടടുത്ത നിമിഷം ഹാലണ്ടിന് ലഭിച്ച അവസരം ഗോൾകീപ്പർ തടഞ്ഞു. തുടർന്നും ആഴ്‌സണൽ ഗോൾമുഖം ലക്ഷ്യമാക്കി നടത്തിയ മുന്നേറ്റത്തിനൊടുവിൽ സിറ്റി ലീഡ് ഇരട്ടിയാക്കി. ആദ്യപകുതിയുടെ അധികസമയത്ത് ഡി ബ്രൂയിൻ എടുത്ത ഫ്രീകിക്കിൽ നിന്നും ജോൺ സ്റ്റോൺസ് ഹെഡറിലൂടെ ലക്ഷ്യം കണ്ടു. ആദ്യ ഓഫ്‌സൈഡ് വിളിച്ചെങ്കിലും വാറിന്‍റെ സഹായത്തോടെയാണ് ഗോൾ അനുവദിച്ചത്.
ALSO READ:പകരക്കാരനായി, ഇപ്പോൾ ഒഡിഷ എഫ്‌സിയുടെ ചരിത്രനായകനായി ക്ലിഫോർഡ് മിറാൻഡ