മാഞ്ചസ്റ്റർ: ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യ പാദത്തിൽ റയൽ മാഡ്രിഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഏഴ് ഗോൾ പിറന്ന ആവേശകരമായ മത്സരത്തിനൊടുവിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇംഗ്ലീഷ് ചാമ്പ്യന്മാർ ജയിച്ചു കയറിയത്. സിറ്റിക്കുവേണ്ടി കെവിൻ ഡിബ്രുയ്ൻ, ഗബ്രിയേൽ ജെസ്യൂസ്, ഫിൽ ഫോഡൻ, ബെർണാർഡോ സിൽവ എന്നിവർ ഗോളുകൾ നേടിയപ്പോൾ കരീം ബെൻസേമയുടെ ഇരട്ടഗോളും വിനീഷ്യസ് ജൂനിയറിന്‍റെ ഗോളുമാണ് റയലിന് തുണയായത്.
ഇരുടീമുകളും ആക്രമണ ഫുട്ബോൾ പുറത്തെടുത്ത മത്സരത്തിന്‍റെ രണ്ടാം മിനിറ്റിൽ തന്നെ സിറ്റി മുന്നിലെത്തി. റിയാദ് മഹ്‌റസിന്‍റെ ക്രോസിൽ നിന്നും കെവിൻ ഡി ബ്രൂയിന്‍റെ ഹെഡർ ഗോൾ കീപ്പറെ മറികടന്ന് വലയിലെത്തി. ആദ്യ ഗോൾ വഴങ്ങിയതിന്‍റെ ആഘാതത്തിൽ നിന്നും കരകയറുന്നതിന് മുൻപ് 11-ാം മിനിറ്റിൽ ജെസ്യൂസ് അടുത്ത വെടിപൊട്ടിച്ചു.
തുടക്കത്തിലേ രണ്ട് ഗോളിന് പിന്നിലായ റയൽ തിരിച്ചു വരാൻ ശ്രമിക്കുമ്പോൾ മറുവശത്ത് സിറ്റി അവസരങ്ങൾ നഷ്‌ടപ്പെടുത്തുന്ന കാഴ്‌ചയായിരുന്നു. മഹ്‌റസ് മികച്ച ഒരവസരം പാഴാക്കിയതിനു പിന്നാലെ ഡി ബ്രൂയിന്‍റെ പാസിൽ നിന്ന് ഫോഡന്‍റെ ഷോട്ട് ഗോൾപോസ്റ്റിനെ തൊട്ടുരുമ്മി പുറത്ത് പോയി.
മത്സരത്തിന്‍റെ 32-ാം മിനിറ്റിൽ ഫെർലാൻഡ് മെൻഡിയുടെ ക്രോസിൽ നിന്നും കരിം ബെൻസേമയിലൂടെ ഒരു ഗോൾ മടക്കി. 2-1ന് അവസാനിച്ച ആദ്യ പകുതിക്ക് ശേഷം, 53-ാം മിനിറ്റിൽ ഫിൽ ഫോഡനിലൂടെ സിറ്റി തങ്ങളുടെ മൂന്നാം ഗോൾ നേടി. രണ്ട് മിനിറ്റുകൾക്കകം മനോഹരമായ ഒരു സോളോ റണ്ണിനൊടുവിൽ വിനീഷ്യസ് ജൂനിയർ റയലിന്‍റെ രണ്ടാം ഗോൾ നേടി.
74-ാം മിനിറ്റിൽ ബെർണാർഡോ സിൽവയുടെ ബുള്ളറ്റ് ഷോട്ട് കോർട്ടുവയെ കാഴ്‌ചക്കാരനാക്കി റയൽ ഗോൾവലയിൽ തുളച്ച് കയറി. 88–ാം മിനിറ്റില്‍ ലപോര്‍ട്ടയുടെ ഹാന്‍ഡ്ബോളിൽ റയലിന് അനുകൂലമായി പെനല്‍റ്റി. പനേങ്ക കിക്കിലൂടെ കരിം ബെന്‍സേമ സിറ്റിയുടെ ലീഡ് ഒന്നാക്കി ചുരുക്കി.