മാഞ്ചസ്റ്റര്‍:നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദ സെമിഫൈനല്‍ പോരാട്ടത്തില്‍ സ്‌പാനിഷ് വമ്പന്‍മാരായ റയലിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് വീഴ്‌ത്തിയാണ് പെപ് ഗ്വാര്‍ഡിയോളയുടേയും സംഘത്തിന്‍റേയും മുന്നേറ്റം. ബെര്‍ണാഡോ സില്‍വയുടെ ഇരട്ടഗോള്‍ മികവിലാണ് മാഞ്ചസ്റ്റര്‍ സിറ്റി യുസിഎല്‍ ഫൈനലിന് ടിക്കറ്റെടുത്തത്.
ഇരുപാദങ്ങളിലുമായി നടന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ 5-1 അഗ്രഗേറ്റഡ് സ്‌കോറിനാണ് സിറ്റി റയലിനെ കീഴടക്കിയത്. കഴിഞ്ഞവാരം റയലിന്‍റെ മൈതാനമായ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരം 1-1 സമനിലയില്‍ കലാശിച്ചിരുന്നു. അടുത്ത മാസം 10ന് തുര്‍ക്കിയിലെ ഇസ്‌താംബൂളില്‍ നടക്കുന്ന ഫൈനലില്‍ ഇറ്റാലിയന്‍ കരുത്തരായ ഇന്‍റര്‍മിലാന്‍ ആണ് സിറ്റിയുടെ എതിരാളികള്‍.
സില്‍വ തുടങ്ങി, അല്‍വാരസ് പൂര്‍ത്തിയാക്കി:എത്തിഹാദ് സ്റ്റേഡിയത്തില്‍ സ്ഥിരം ശൈലിയില്‍ കളിപുറത്തെടുത്താണ് മാഞ്ചസ്റ്റര്‍ സിറ്റി ജയം പിടിച്ചെടുത്തത്. മത്സരത്തിന്‍റെ തുടക്കത്തില്‍ മാഞ്ചസ്റ്റര്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലന്‍ഡ് നടത്തിയ രണ്ട് മുന്നേറ്റങ്ങള്‍ റയല്‍ ഗോള്‍ കീപ്പര്‍ കോര്‍ട്ട വിഫലമാക്കി. എന്നാല്‍ 23-ാം മിനിട്ടില്‍ തന്നെ കോര്‍ട്ടോയും റയല്‍ പ്രതിരോധവും തീര്‍ത്ത കോട്ട തകര്‍ത്ത് സിറ്റി ലീഡെടുത്തു.
ബോക്‌സിന് പുറത്ത് നിന്നും റയല്‍ താരങ്ങള്‍ക്കിടയിലൂടെ ബോക്‌സിനുള്ളിലേക്ക് കെവിന്‍ ഡിബ്രൂയിന നല്‍കിയ പാസ് സൂപ്പര്‍ ഫിനിഷിങ്ങിലൂടെ ബെര്‍ണാഡോ സില്‍വ റയല്‍ വലയിലെത്തിച്ചു. തുടര്‍ന്നും ആക്രമണം തുടര്‍ന്ന സിറ്റി 37-ാം മിനിട്ടില്‍ മത്സരത്തില്‍ തങ്ങളുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇക്കുറിയും സില്‍വയുടെ ബൂട്ടില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്.