ഇസ്‌താംബുള്‍:ചരിത്രത്തില്‍ ആദ്യമായിചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി. ഫൈനലില്‍ ഇന്‍റര്‍മിലാനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് സിറ്റി ചാമ്പ്യന്‍മാരുടെ ചാമ്പ്യനായത്. മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ റോഡ്രിയാണ് സിറ്റിയ്‌ക്കായി ഗോള്‍ നേടിയത്.
ഇത് പെപ് ഗാര്‍ഡിയോളയുടെയും സംഘത്തിന്‍റെയും ഈ സീസണിലെ മൂന്നാം കിരീടമാണ്. പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ സിറ്റി നേരത്തെ എഫ് എ കപ്പും തങ്ങളുടെ ഷെല്‍ഫിലെത്തിച്ചിരുന്നു.
കലാശപ്പോരാട്ടത്തില്‍ 3-2-4-1 ശൈലിയിലായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ ഗാര്‍ഡിയോള തന്‍റെ ശിഷ്യന്മാരെ കളത്തിലിറക്കിയത്. ഗോളടി യന്ത്രം എര്‍ലിങ് ഹാലന്‍ഡായിരുന്നു ടീമിന്‍റെ ഏക സ്‌ട്രൈക്കര്‍. മറുവശത്ത് 3-5-2 ശൈലിയിലാണ് ഇന്‍റര്‍മിലാന്‍ കളിക്കാനെത്തിയത്.
ആദ്യ പകുതിയില്‍ മികച്ച പോരാട്ടം കാഴ്‌ചവയ്ക്കാന്‍ ഇരു കൂട്ടര്‍ക്കുമായെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. പതിഞ്ഞ താളത്തിലായിരുന്നു മത്സരത്തിന്‍റെ തുടക്കം. പതിയെ പതിയെ ചൂടുപിടിച്ച മത്സരത്തിന്‍റെ 26-ാം മിനിറ്റില്‍ ഇന്‍റര്‍മിലാനാണ് ആദ്യ ഗോളവസരം ലഭിച്ചത്.
സിറ്റി കീപ്പര്‍ എഡേര്‍സണ്‍ വരുത്തിയ പിഴവില്‍ നിന്നും പന്ത് പിടിച്ചെടുത്ത നിക്കോളോ ബരെല്ല ഗോള്‍ പോസ്റ്റിലേക്ക് ഒരു ഷോട്ട് പായിച്ചെങ്കിലും ആ പന്ത് കൃത്യമായി ലക്ഷ്യത്തിലെത്തിയിരുന്നില്ല. തൊട്ടുപിന്നാലെ ഇന്‍റര്‍മിലാന്‍ ബോക്‌സിലേക്ക് സിറ്റിയും പന്തുമായെത്തി. ഇന്‍റര്‍മിലാന്‍റെ പ്രതിരോധ കോട്ട തകര്‍ത്ത് കെവിന്‍ ഡിബ്രൂയിന്‍ നല്‍കിയ പാസില്‍ നിന്നും സൂപ്പര്‍ താരം എര്‍ലിങ് ഹാലന്‍ഡ് ആയിരുന്നു ഗോള്‍ വല ലക്ഷ്യമാക്കിയൊരു ഷോട്ട് പായിച്ചത്.
എന്നാല്‍, ഹാലന്‍ഡിനെ ഇടം കാല്‍ ഷോട്ടിനെ അനായാസം തട്ടിയകറ്റാന്‍ ഇന്‍റര്‍മിലാന്‍ ഗോള്‍ കീപ്പര്‍ ആന്ദ്രേ ഒനാനയ്‌ക്കായി. 29-ാം മിനിറ്റില്‍ കെവിന്‍ ഡിബ്രൂയിനും ഗോളിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തൊട്ടുപിന്നാലെ പരിക്കേറ്റ സിറ്റിയുടെ സൂപ്പര്‍ താരം ഡിബ്രൂയിന് കളം വിടേണ്ടി വന്നു.