ലണ്ടൻ :ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്‍റ് പട്ടികയിൽ ആഴ്‌സണലിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി ഒന്നാമത്. ഫുൾഹാമിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ജയത്തോടെയാണ് സിറ്റിയുടെ കുതിപ്പ്. സിറ്റിക്കായി ഏർലിങ് ഹാലണ്ട്, ജൂലിയൻ അൽവാരസ് എന്നിവർ ഗോൾ നേടിയപ്പോൾ കാർലോസ് വിനീഷ്യസ് ഫുൾഹാമിന്‍റെ ആശ്വാസ ഗോൾ നേടി.
ഫുൾഹാമിന്‍റെ മൈതാനത്ത് നടന്ന മത്സരത്തിന്‍റെ മൂന്നാം മിനിട്ടിൽ തന്നെ സിറ്റി ലീഡെടുത്തു. ജൂലിയൻ അൽവാരസിനെ ഫുൾഹാം പ്രതിരോധതാരം വീഴ്ത്തിയതിനാണ് മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായ സ്‌പോട്ട് കിക്ക് വിധിച്ചത്. കിക്കെടുത്ത ഹാലണ്ട് അനായാസം ലക്ഷ്യം കണ്ടു.
ഇതോടെ പ്രീമിയർ ലീഗ് സീസണിൽ 34 ഗോളുകൾ പൂർത്തിയാക്കിയ താരം റെക്കോഡിനൊപ്പമെത്തി. ആറ് മത്സരങ്ങൾ ബാക്കിനിൽക്കെ ഒരു ഗോൾ കൂടി നേടാനായാൽ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന നേട്ടം താരത്തിന് സ്വന്തമാക്കാനാകും.
ഹാലണ്ടിന്‍റെ ഈ ഗോളിന് 15-ാം മിനിട്ടിൽ തന്നെ ഫുൾഹാം മറുപടി നൽകി. ടീം റെയ്‌ംസ് സിറ്റി ബോക്‌സിലേക്ക് ഉയർത്തി നൽകിയ ലോങ് ബോൾ ഹെഡറിലൂടെ ഹാരി വിൽസൺ വിനീഷ്യസിന് നൽകി. പന്ത് നിലംതൊടും മുമ്പ് കാർലോസ് വിനീഷ്യസ് ഉതിർത്ത ഷോട്ട് ഗോൾകീപ്പറെ മറികടന്ന് വലയിലെത്തി.
27-ാം മിനിട്ടിൽ ഗ്രീലിഷിന്‍റെ ഗോൾശ്രമം ലെനോ തടഞ്ഞു. തുടർന്ന് 36-ാം മിനിട്ടിൽ ജൂലിയൻ അൽവാരസിലൂടെയാണ് സിറ്റി ലീഡെടുക്കുന്നത്. റിയാദ് മെഹ്‌റസ് നൽകിയ പാസിൽ നിന്ന് ബോക്‌സിന് പുറത്തുനിന്നാണ് അൽവാരസ് വലകുലുക്കിയത്.
ഗോൾനേട്ടത്തിൽ ഫിഫ്‌റ്റി : ഈ സീസണിൽ ഇതുവരെ 50 ഗോളുകളാണ് ഹാലണ്ട് അടിച്ചുകൂട്ടിയിരിക്കുന്നത്. 1993-94 സീസണിലെ ആൻഡി കോളിന്‍റെയും 1994-95 ലെ അലൻ ഷിയററുടെയും റെക്കോർഡുകൾക്കൊപ്പമെത്തിയ ഹാലണ്ടിന്‍റെ 32 ലീഗ് മത്സരങ്ങളിലെ 34-ാം ഗോളാണിത്. എന്നാല്‍ 30 വർഷങ്ങൾക്ക് മുമ്പ് ആൻഡി കോളും അലൻ ഷിയററും ഈ റെക്കോഡ് നേട്ടത്തിലെത്തുമ്പോൾ ലീഗിൽ 22 ടീമുകൾ കളിച്ചിരുന്നു.
ഈ ജയത്തോടെ 32 മത്സരങ്ങളില്‍ നിന്ന് 76 പോയിന്‍റാണ് സിറ്റിക്കുള്ളത്. സിറ്റിയേക്കാൾ ഒരു മത്സരം കൂടുതൽ കളിച്ച ആഴ്‌സനൽ അവരേക്കാൾ ഒരു പോയിന്‍റ് പിന്നിലാണ്. തുടർച്ചയായ മൂന്ന് സമനിലകളും സിറ്റിയോട് തോറ്റതുമാണ് ആഴ്‌സണലിന് ഒന്നാം സ്ഥാനം നഷ്‌ടപ്പെടാൻ കാരണമായത്.
ആസ്റ്റൺ വില്ലയുടെ വില്ലൊടിച്ച് യുണൈറ്റഡ് : ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നതിനായുള്ള നിർണായക മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തി. ബ്രൂണോ ഫെർണാണ്ടസ് നേടിയ ഏക ഗോളിലാണ് യുണൈറ്റഡിന്‍റെ വിജയം.
38-ാം മിനിട്ടിലാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. മാർകസ് റാഷ്‌ഫോർഡിന്‍റെ ഷോട്ട് എമിലിയാനോ മാർട്ടിനസ് തടഞ്ഞെങ്കിലും ഓടി എത്തിയ ബ്രൂണോ ഫെർണാണ്ടസ് പന്ത് ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം പകുതിയിൽ ആസ്റ്റൺ വില്ല മികച്ച പ്രകടനം നടത്തിയെങ്കിലും യുണൈറ്റഡ് പ്രതിരോധം മറികടക്കാനായില്ല. 81-ാം മിനിട്ടിൽ ഡഗ്ലസ് ലൂയിസിന്‍റെ ഷോട്ട് ഗോൾ ലൈൻ സേവിലൂടെയാണ് ലിൻഡലോഫ് രക്ഷപ്പെടുത്തിയത്.
ഈ ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 32 മത്സരങ്ങളിൽ നിന്ന് 63 പോയിന്‍റുമായി നാലാമതാണ്. 34 മത്സരങ്ങളിൽ നിന്ന് 54 പോയിന്‍റുള്ള ആസ്റ്റൺ വില്ല ഏഴാമതാണ്. മറ്റൊരു മത്സരത്തിൽ ന്യൂ കാസിൽ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സതാംപ്‌ടനെ പരാജയപ്പെടുത്തി.