ദോഹ: ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ -ഉറുഗ്വേ മത്സരത്തിനിടെ എല്‍ജിബിടിക്യു സമൂഹത്തോടെ ഐക്യപ്പെട്ട് യുവാവിന്‍റെ പ്രതിഷേധം. മത്സരത്തിനിടെ ക്വീര്‍ വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന മഴവില്‍ നിറത്തിലെ പതാകയുമായി ഇയാള്‍ ഗ്രൗണ്ടിലേക്ക് ഓടിയെത്തുകയായിരുന്നു. ഇയാള്‍ ധരിച്ചിരുന്ന ടീ ഷര്‍ട്ടില്‍ പ്രതിഷേധത്തിന്‍റെ വരികളെഴുതിയിരുന്നു.
മുന്‍വശത്ത് യുക്രൈനെ രക്ഷിക്കണമെന്നും പിന്‍വശത്ത് ഇറാനിലെ സ്ത്രീകള്‍ക്ക് ബഹുമാനം എന്നുമായിരുന്നു എഴുത്ത്. മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ 51-ാം മിനിട്ടിലാണ് യുവാവ് മഴവില്‍ പതാകയുമായി ഗ്രൗണ്ടിലേക്ക് ഇരച്ചെത്തിയത്. പിന്നാലെയെത്തിയ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടിയാണ് ഇയാളെ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയത്.
എന്നാല്‍ കയ്യിലുണ്ടായിരുന്ന മഴവില്‍ പതാക ഗ്രൗണ്ടില്‍ ഉപേക്ഷിച്ചായിരുന്നു യുവാവ് തിരിച്ച് നടന്നത്. മത്സരം നിയന്ത്രിച്ച റഫറിയാണ് ഈ പതാക ഗ്രൗണ്ടിന് പുറത്തേക്ക് എടുത്തുമാറ്റിയത്. സംഭവത്തെ തുടര്‍ന്ന് കളി അല്‍പ നേരത്തേക്ക് തടസപ്പെടുകയും ചെയ്‌തു.
സ്വവര്‍ഗാനുരാഗികളടക്കമുള്ള എല്‍ജിബിടിക്യു പ്ലസ് സമൂഹത്തിനെതിരായ ഖത്തര്‍ ഭരണകൂടത്തിന്‍റെ നിലപാടില്‍ നേരത്തെ തന്നെ പ്രതിഷേധം ശക്തമായിരുന്നു. ഇതിന്‍റെ ഭാഗമായി മഴവില്‍ വര്‍ണത്തില്‍ 'വണ്‍ ലൗ' എന്ന് എഴുതിയ ആംബാന്‍ഡ് ധരിക്കുമെന്ന് ചില യൂറോപ്യന്‍ ടീമുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ട്, ജർമനി, വെയ്ല്‍സ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് ടീമുകളാണ് പ്രതിഷേധത്തിന് ഒരുങ്ങിയിരുന്നത്.
എന്നാല്‍ ഫിഫ വിലക്ക് ഭീഷണി ഉയര്‍ത്തിയതോടെ ടീമുകള്‍ പ്രതിഷേധത്തില്‍ നിന്നും പിന്മാറുകയായിരുന്നു. അംഗീകാരമില്ലാത്ത കിറ്റ് ധരിക്കുന്ന കളിക്കാർക്ക് മത്സരത്തിന്‍റെ തുടക്കം മുതല്‍ മഞ്ഞ കാർഡ് നല്‍കാമെന്നാണ് ഫിഫയുടെ നിയമം. അതേസമയം ഖത്തറിലെ ലോകകപ്പ് വേദികളില്‍ ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യപ്പെട്ട് നിരവധി പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്.
Also read:'ഞാന്‍ നേരിട്ട് കാണാതിരിക്കാന്‍ മെസി ദൈവത്തോട് പ്രാര്‍ഥിക്കട്ടെ' ; ജഴ്‌സി വിവാദത്തില്‍ അര്‍ജന്‍റൈന്‍ നായകന് ഭീഷണി