മാഞ്ചസ്റ്റർ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ക്ലബുമായുള്ള കരാർ വ്യവസ്ഥകൾ റൊണാൾഡോ ലംഘിച്ചുവെന്നും അതിനാൽ താരത്തെ ക്ലബിൽ നിന്ന് പുറത്താക്കുമെന്നുമാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ലോകകപ്പിനായി ഖത്തറിലുള്ള താരത്തോട് ക്ലബിന്‍റെ കാരിങ്ടണ്‍ ട്രെയിനിങ് ബേസിലേക്ക് ഇനി തിരിച്ചുവരേണ്ടെന്ന് ക്ലബ് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഈ സാഹചര്യത്തിൽ സൂപ്പർ താരം ഇനി മാഞ്ചസ്റ്ററിനായി കളിക്കാനുള്ള സാധ്യതകൾ വിരളമാണ്. കരാര്‍ പ്രകാരം ബാക്കിയുള്ള തുകയും യുനൈറ്റഡ് റൊണാൾഡോയ്‌ക്ക് നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആഴ്‌ചയിൽ 500,000 പൗണ്ട് ശമ്പളം വാങ്ങുന്ന പോർച്ചുഗീസ് സൂപ്പർതാരത്തിന് ഏകദേശം 16 മില്യൺ പൗണ്ടോളം നഷ്‌ടമാകും.
പ്രമുഖ മാധ്യമ പ്രവർത്തകൻ പിയേഴ്‌സ് മോര്‍ഗനുമായുളള അഭിമുഖത്തില്‍ ക്ലബ്ലിനെതിരേയും പരിശീലകൻ എറിക് ടെൻ ഹാഗിനെതിരെയും അധികൃതര്‍ക്കെതിരേയും ഗുരുതര ആരോപണമാണ് റൊണാൾഡോ ഉന്നയിച്ചത്. ക്ലബുമായുള്ള കരാർ ലംഘിച്ചുള്ള ഈ ആരോപണങ്ങളാണ് യുണൈറ്റഡിനെ ചൊടിപ്പിച്ചത്.