ക്വാലാലംപൂർ: മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് പി വി സിന്ധുവിന് വിജയത്തുടക്കം. വനിത സിംഗിള്‍സ് ആദ്യ റൗണ്ട് മത്സരത്തില്‍ ചൈനയുടെ ഹി ബിങ് ജിയാവോയുടെ വെല്ലുവിളിയാണ് സിന്ധു മറികടന്നത്. വിജയത്തോടെ ടൂര്‍ണമെന്‍റിന്‍റെ രണ്ടാം റൗണ്ടില്‍ പ്രവേശിക്കാനും സിന്ധുവിന് കഴിഞ്ഞു.
ഒരു മണിക്കൂറിന് അടുത്ത് നീണ്ട് നിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഏഴാം സീഡായ സിന്ധു ജയിച്ച് കയറിയത്. സ്‌കോര്‍: 21-13, 17-21, 21-15.
അതേസമയം ഇന്തോനേഷ്യ ഓപ്പണിലെ തോല്‍വിക്ക് ചൈനീസ് താരത്തോടുള്ള മധുര പ്രതികാരം കൂടിയാണ് സിന്ധുവിന് ഈ ജയം. കഴിഞ്ഞ മാസം നടന്ന ടൂര്‍ണമെന്‍റിന്‍റെ ആദ്യ റൗണ്ട് മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജിയാവോ സിന്ധുവിനെ കീഴടക്കിയത്. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ 10-9ന് ചൈനീസ് താരം മുന്നിലാണ്.
പുരുഷ സിംഗിള്‍സില്‍ പി കശ്യപും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. മലേഷ്യയുടെ ടോമി സുഗിയാർട്ടോയെയാണ് കശ്യപ് കീഴടക്കിയത്. ആദ്യ സെറ്റ് കൈവിട്ട കശ്യപ് പിന്നില്‍ നിന്നാണ് പൊരുതിക്കയറിയത്. സ്‌കോര്‍: 21-10, 12-21, 14-21.
also read:മലേഷ്യന്‍ മാസ്‌റ്റേഴ്‌സ്: സായി പ്രണീതിന് തകര്‍പ്പന്‍ തുടക്കം, സമീര്‍ വര്‍മക്ക് തോല്‍വി