തിരുവനന്തപുരം: മലയാളി ബാഡ്‌മിന്‍റൺ താരം എച്ച്‌എസ് പ്രണോയ് വിവാഹിതനാവുന്നു. തിരുവല്ല സ്വദേശി ശ്വേതയാണ് വധു. ചൊവ്വാഴ്ച വിവാഹം നടക്കുന്ന കാര്യം പ്രണോയ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടിന്‍റെ ചിത്രങ്ങളും 30കാരനായ പ്രണോയ് പങ്കുവച്ചിട്ടുണ്ട്. അതേസമയം അടുത്തിടെ ലോക ബാഡ്‌മിന്‍റണ്‍ ഫെഡറേഷന്‍റെ വേള്‍ഡ് ടൂര്‍ റാങ്കിങ്ങില്‍ ഒന്നാമതെത്താന്‍ പ്രണോയ്‌ക്ക് കഴിഞ്ഞിരുന്നു. സെപ്റ്റംബറില്‍ അറിന് പുറത്തിറങ്ങിയ ഏറ്റവും പുതിയ റാങ്കിങ്ങിലാണ് പ്രണോയുടെ നേട്ടം.
ഡെന്‍മാര്‍ക്കിന്‍റെ വിക്‌ടര്‍ അക്‌സല്‍സനെ പിന്തള്ളിയാണ് മലയാളി താരം ഒന്നാമനായത്. പ്രണോയിയുടെ കരിയറില്‍ ഏറ്റവും വലിയ നേട്ടമാണിത്. വേള്‍ഡ് ടൂര്‍ വിഭാഗത്തിന്‍റെ ഭാഗമായ ടൂര്‍ണമെന്‍റുകളില്‍ ഒന്നില്‍ പോലും കിരീടം നേടാന്‍ കഴിഞ്ഞില്ലെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് പ്രണോയ്‌ക്ക് മുതല്‍ക്കൂട്ടായത്.
ഇതോടെ വേള്‍ഡ് ടൂര്‍ ഫൈനല്‍സ് യോഗ്യതയ്ക്ക് അരികിലെത്താനും മലയാളി താരത്തിനായി. ജനുവരി 11ന് തുടങ്ങിയ വേള്‍ഡ് ടൂര്‍ സീസണില്‍ 58,090 പോയിന്‍റുമായാണ് എച്ച്‌എസ് പ്രണോയ് തലപ്പത്ത് എത്തിയത്. ഡിസംബര്‍ 18 വരെയാണ് സീസണ്‍ നീണ്ടുനില്‍ക്കുന്നത്.