കാൽപന്തുകളിയുടെ ഈറ്റില്ലമായാണ് യൂറോപ്യൻ ഭൂഖണ്ഡം അറിയപ്പെടുന്നത്. ലാറ്റിനമേരിക്കയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും കാല്‍പന്തിന്‍റെ കളിമികവുമായെത്തുന്നവരെ ലോക മറിയുന്ന സൂപ്പർ താരങ്ങളാക്കി മാറ്റുന്നതും യൂറോപ്പാണ്. എന്നാല്‍ ഇന്ന് കളിയും കാര്യവും വ്യത്യസ്തമാകുകയാണ്.
കളംമാറ്റി സൂപ്പർ താരങ്ങൾ: സമീപകാലത്ത് വമ്പൻ താരങ്ങളെല്ലാം യൂറോപ്പിലെ കളിമൈതാനങ്ങളോട് വിടപറയുന്നതിനാണ് ലോകമെമ്പാടുമുള്ള ആരാധകർ സാക്ഷിയാകുന്നത്. പിഎസ്‌ജിയുമായി വഴിപിരിഞ്ഞ് എംഎൽഎസ് ടീമായ ഇന്‍റർ മയാമിയിലേക്ക് ചേക്കേറിയ ലയണൽ മെസിയാണ് യൂറോപ്പിന് പുറത്തേക്ക് കളം മാറ്റിയ ഏറ്റവും പുതിയ താരം. മെസിക്ക് മുൻപ് തന്നെ നിരവധി താരങ്ങൾ ചൈനീസ്, അറേബ്യൻ, അമേരിക്കൻ ലീഗുകളിലേക്ക് ചേക്കേറിയിരുന്നു.
വഴി വെട്ടിത്തെളിച്ച് ക്രിസ്റ്റ്യാനോ: ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബായ അൽ നസ്‌റിലേക്ക് ചേക്കേറിയതോടെയാണ് ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കുമുള്ള കൂടുമാറ്റം വീണ്ടും ചർച്ച വിഷയമായത്. അതിന് മുൻപ് തന്നെ മുൻ ബാഴ്‌സലോണ താരങ്ങളായ സാവി ഹെർണാണ്ടസ്, ആന്ദ്രേ ഇനിയേസ്റ്റ, ഡാനി ആൽവസ് അടക്കമുള്ള താരങ്ങൾ യൂറോപ്പ് വിട്ടിരുന്നു. അതേസമയം റയൽ മാഡ്രിഡുമായി ഒരു വർഷത്തെ കരാർ ബാക്കി നിൽക്കെ സൗദി ക്ലബായ അൽ ഇത്തിഹാദുമായി കരാറിലെത്തിയ കരിം ബെൻസേമ, എൻഗോളോ കാന്‍റെ തുടങ്ങിയ താരങ്ങളും യൂറോപ്പിലെ കളിക്കളങ്ങളോട് വിടപറഞ്ഞിരിക്കുകയാണ്.
പിഎസ്‌ജിയുമായി കരാർ അവസാനിച്ച അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ അടുത്ത ക്ലബ് ഏതായിരിക്കുമെന്നായിരുന്നു ലോകമെമ്പാടുമുള്ള ഫുട്‌ബോൾ നിരീക്ഷകരും ആരാധകരും ഉറ്റുനോക്കിയിരുന്നത്. സൗദി പ്രോ ലീഗ് ക്ലബായ അൽ ഹിലാൽ, മുൻ ക്ലബായ ബാഴ്‌സലോണ, മാഞ്ചസ്റ്റർ സിറ്റിയിൽ പെപ് ഗ്വാർഡിയോളയ്‌ക്ക് കീഴിലേക്കുള്ള മടക്കം തുടങ്ങി നിരവധി അഭ്യൂഹങ്ങളിലൂടെയാണ് കായിക ലോകം കടന്നു പോയിരുന്നത്. എന്നാൽ ദിവസങ്ങൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് ശേഷം മേജർ ലീഗ് സോക്കർ ക്ലബായ ഇന്‍റർ മയാമിയിലേക്ക് ചേക്കേറുന്ന വാർത്തകൾ സ്ഥിരീകരിച്ചിരിക്കുകയാണ് മെസി.
യൂറോപ്പിനൊപ്പം കളിക്കാൻ: എക്കാലവും ഫുട്‌ബോളിനെ കൈയിലൊതുക്കിയിരുന്ന യൂറോപ്പിനെ പരസ്യമായി വെല്ലുവിളിക്കുകയാണ് ഇപ്പോൾ ചൈനീസ്, അറേബ്യൻ, അമേരിക്കൻ ഫുട്‌ബോൾ ലീഗുകൾ. പണമെറിഞ്ഞ് താരങ്ങളെ സ്വന്തമാക്കുക എന്നതിനപ്പുറം സൂപ്പർ താരങ്ങളെ കൊണ്ടുവന്ന് സ്വന്തം ലീഗ് നിലവാരം ഉയർത്തുകയും ലോകമെമ്പാടും ആരാധകരെ സൃഷ്‌ടിക്കുകയും ചെയ്യാനാണ് ഏഷ്യൻ, അമേരിക്കൻ ലീഗുകൾ ശ്രദ്ധിക്കുന്നത്.
എന്നും ബാഴ്‌സ സ്വപ്‌നം കണ്ട മെസി: ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പുറമെ ബെൻസേമയും എൻഗോളോ കാന്‍റെയും സൗദിയിലേക്ക് എത്തുകയും ഇവർക്ക് പിന്നാലെ ബാഴ്‌സയിലെ സഹകളിക്കാരായ ബുസ്‌ക്വെറ്റ്‌സും ജോർഡി ആൽബയും സൗദി ക്ലബുകളുമായി കരാറിലെത്തിയേക്കുമെന്ന വാർത്തകൾ പ്രചരിച്ചതോടെ മെസി അൽ ഹിലാലിനൊപ്പം ചേരുമെന്നാണ് ഇന്നലെ വരെ ആരാധകരും ഫുട്‌ബോൾ നിരീക്ഷകരും കണക്കുകൂട്ടിയിരുന്നത്. അതോടൊപ്പം തന്നെ, ബാഴ്‌സയുടെ എക്കാലത്തെയും മികച്ച താരമായ മെസി പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തുന്നതും കാത്തിരുന്ന ആരാധകരുടെ ഹൃദയം തകർക്കുന്നതുമായി പുതിയ തീരുമാനം. എന്നാൽ പുതിയ ക്ലബ് പ്രഖ്യാപനത്തിന് പിന്നാലെ മെസി പറഞ്ഞ വാക്കുകളിൽ ബാഴ്‌സലോണ എന്ന ക്ലബിനോട് അദ്ദേഹത്തിന് എത്രത്തോളം കടപ്പാടും ബഹുമാനവുമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ്.
ബാഴ്‌സയിലേക്ക് തിരികെയെത്താൻ താൻ അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ അത് സംഭവിക്കുമെന്നതിൽ ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. കാരണം 2021 ൽ ക്ലബ് വിട്ട സമയത്ത് സംഭവിച്ച കാര്യങ്ങൾ തന്‍റെ ഓർമയിലുണ്ടെന്നും വീണ്ടും അത്തരം കാര്യങ്ങളിലൂടെ കടന്ന് പോകാൻ ഇഷ്‌ടപ്പെടുന്നില്ലെന്നും താരം വ്യക്‌തമാക്കി.