മാഡ്രിഡ് : സമ്മർ ട്രാൻസ്‌ഫറിൽ റയലിന്‍റെ പ്രധാന ലക്ഷ്യമായിരുന്ന എംബാപ്പെയെ ടീമിലെത്തിക്കാനാകാത്തതിന്‍റെ നിരാശയിൽ നിന്നും ടീം പെട്ടെന്ന് തന്നെ കരകയറുമെന്ന് പരീശീലകൻ ആൻസലോട്ടി. ഇനി ലക്ഷ്യം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആൻസലോട്ടിയും താരങ്ങളും എംബാപ്പെ പിഎസ്‌ജിക്കൊപ്പം തുടരാനുള്ള തീരുമാനത്തെക്കുറിച്ച് സംസാരിക്കുന്നതിൽ താൽപര്യം കാണിച്ചില്ല.
200 മില്ല്യൺ വരെ റിലീസ് ക്ലോസ് പ്രഖ്യാപിച്ച് പി.എസ്.ജി മാനേജ്മെന്‍റിനെ വരുതിയിലാക്കാൻ ശ്രമിച്ചെങ്കിലും എംബാപ്പെ റയലിനെ തഴയുകയായിരുന്നു. അടുത്ത സീസണിൽ താരം റയലിൽ എത്തുമെന്ന് ഏകദേശം ഉറപ്പായിരന്നു. എന്നാൽ അവസാന നിമിഷം പിഎസ്‌ജിയുമായി മൂന്ന് വർഷത്തേക്ക് കരാർ പുതുക്കിയ എംബാപ്പെ റയൽ മാനേജ്‌മെന്‍റിനും ആരാധകർക്കും നിരാശ സമ്മാനിച്ചു.
'ഞങ്ങളുടെ കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ ചിന്തിക്കേണ്ടതുണ്ടെന്ന് വളരെ വ്യക്തമാണ്, റയൽ മാഡ്രിഡിനായി കളിക്കാത്ത താരങ്ങളെക്കുറിച്ച് ഞാൻ ഒരിക്കലും സംസാരിച്ചിട്ടില്ല. എല്ലാ ക്ലബ്ബുകളെയും അവരുടെ തീരുമാനങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു. ഞങ്ങൾ സ്വന്തം ജോലി ചെയ്യണം. നമ്മൾ എന്താണ് ചിന്തിക്കേണ്ടതെന്ന് വളരെ വ്യക്തമാണ് .അത് ഫൈനലിനായി തയ്യാറെടുക്കുക എന്നതാണ്' - ആൻസലോട്ടി പറഞ്ഞു.