മാഡ്രിഡ് :മാഡ്രിഡ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ അടിപതറി റാഫേല്‍ നദാല്‍. ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കൗമാര താരം കാർലോസ് അൽകാരസാണ് കളിമണ്‍ കോര്‍ട്ടിലെ രാജാവിനെ വീഴ്‌ത്തിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് 19 വയസുകാരനായ സ്പാനിഷ് താരം സ്വന്തം നാട്ടുകാരനായ ഇതിഹാസത്തെ മറികടന്നത്.
മാഡ്രിഡ് ഓപ്പണ്‍ : കൗമാര താരം കാർലോസിനോട് അടിപതറി നദാല്‍ - റാഫേല്‍ നദാല്‍
ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് 19 വയസുകാരനായ സ്പാനിഷ് താരം സ്വന്തം നാട്ടുകാരനായ ഇതിഹാസത്തെ മറികടന്നത്
സ്‌കോര്‍: 6-2, 1-6, 6-3. ജയത്തോടെ മാഡ്രിഡ് ഓപ്പൺ സെമിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കാർലോസ് അൽകാരസ് മാറി. കണങ്കാലിനേറ്റ പരിക്കുമായാണ് സ്‌പാനിഷ് കൗമാര താരം മത്സരം പൂര്‍ത്തിയാക്കിയത്. വിജയത്തോടെ കളിമൺ കോർട്ടിൽ നദാലിനെ മറികടക്കുന്ന ആദ്യ കൗമാര താരമാവാനും, ഫെർണാണ്ടോ വെർഡാസ്കോയ്ക്ക് ശേഷം നദാലിനെ തോൽപ്പിക്കുന്ന ആദ്യത്തെ സ്പാനിഷ് താരമാവാനും കാർലോസ് അൽകാരസിനായി. 2016 ലെ ഓസ്‌ട്രേലിയൻ ഓപ്പണിലാണ് ഫെർണാണ്ടോയ്‌ക്ക് മുന്നില്‍ നദാല്‍ കീഴടങ്ങിയത്.
സെമിയില്‍ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചാണ് കാർലോസിന്‍റെ എതിരാളി. പോളണ്ടിന്‍റെ ഹുബെർട്ട് ഹർകാക്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ജോക്കോ സെമിക്കെത്തുന്നത്. സ്‌കോര്‍: 6-3, 6-4. ഏഴാമത്തെ പ്രാവശ്യമാണ് ജോക്കോവിച്ച് മാഡ്രിഡ് ഓപ്പണ്‍ സെമിയില്‍ പ്രവേശിക്കുന്നത്.