മാഡ്രിഡ് : മാഡ്രിഡ് ഓപ്പൺ ടെന്നിസ് ടൂര്‍ണമെന്‍റിലെ കുതിപ്പ് കിരീടത്തില്‍ അവസാനിപ്പിച്ച് സ്‌പാനിഷ് സെന്‍സേഷന്‍ കാർലോസ് അൽകാരസ്. ഫൈനലില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനായണ് അൽകാരസ് തകര്‍ത്തുവിട്ടത്. ഏകപക്ഷീയമായ സെറ്റുകള്‍ക്ക് അനായാസമായിരുന്നു 19കാരനായ അൽകാരസിന്‍റെ വിജയം. സ്‌കോര്‍: 6-3, 6-1.
ഇതോടെ ടൂര്‍ണമെന്‍റില്‍ കിരീടം ചൂടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാവാനും, നദാലിന് ശേഷം രണ്ട് മാസ്റ്റേഴ്‌സ് 1000 കിരീടങ്ങള്‍ നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാവാനും അൽകാരസിന് കഴിഞ്ഞു. 2005-ൽ മോണ്ടെ കാർലോയിലും റോമിലും ജയിച്ചാണ് നദാല്‍ റെക്കോഡിട്ടത്. അതേസമയം ഈ വർഷം ആദ്യം മിയാമിയിൽ നടന്ന തന്‍റെ ആദ്യ മാസ്റ്റേഴ്‌സ് 1000 ടൂർണമെന്‍റ് അൽകാരസ് നേടിയിരുന്നു.
റാങ്കിങ്ങില്‍ ആദ്യ പത്തിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാവാന്‍ അൽകാരാസിന് നേരത്തെ കഴിഞ്ഞിരുന്നു. 2005ൽ നദാലാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്. റാങ്കിങ്ങില്‍ ആദ്യ പത്തിലുള്ള താരങ്ങള്‍ക്കെതിരെ ഏഴാമത്തെ തവണയാണ് താരം നേരിട്ടുള്ള സെറ്റുകള്‍ക്ക് മത്സരം പിടിക്കുന്നത്.
also read:മൂന്നാമതും ഗോൾഡണ്‍ ഡക്ക്; കോലിക്കിതെന്തു പറ്റി! അമ്പരന്ന് ആരാധകർ
നിലവില്‍ സീസണില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങളുള്ള താരം കൂടിയാണ് അൽകാരസ്. 28 വിജയങ്ങള്‍ നേടാനായപ്പോള്‍ ഒരു വിജയം കുറവുള്ള ഗ്രീക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസാണ് പിന്നിലുള്ളത്. ടൂര്‍ണമെന്‍റിന്‍റെ സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരമായ നൊവാക് ജോക്കോവിച്ചിനെയും ക്വാര്‍ട്ടറില്‍ റാഫേല്‍ നദാലിനേയും കീഴടക്കിയായിരുന്നു അൽകാരസ് ഫൈനലിലെത്തിയത്.