ഭുവനേശ്വര്‍ : ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കര്‍. നാഷണല്‍ ഇന്‍റർ സ്റ്റേറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 8.41 മീറ്റര്‍ ദൂരം ചാടിയാണ് ശ്രീശങ്കര്‍ ലോക ചാമ്പ്യന്‍ഷിപ്പ് ടിക്കറ്റ് ഉറപ്പിച്ചത്. ആദ്യ ശ്രമത്തിലാണ് 24-കാരനായ ശ്രീശങ്കര്‍ തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയത്.
വരുന്ന ഓഗസ്റ്റിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ലോങ് ജംപില്‍ മത്സരിക്കാനുള്ള യോഗ്യതാദൂരം 8.25 മീറ്ററായിരുന്നു. ഇതാണ് തന്‍റെ ആദ്യ ശ്രമത്തില്‍ തന്നെ ശ്രീശങ്കര്‍ മറി കടന്നത്. ഒരു സെന്‍റി മീറ്റര്‍ ദൂരം കൂടി താണ്ടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ കഴിഞ്ഞ മാര്‍ച്ചില്‍ തമിഴ്‌നാടിന്‍റെ ജെസ്വിൻ ആൽഡ്രിൻ സ്ഥാപിച്ച പുരുഷ ലോങ് ജംപിലെ ദേശീയ റെക്കോഡിനൊപ്പമെത്താന്‍ ശ്രീശങ്കറിന് കഴിയുമായിരുന്നു.
ദേശീയ ഓപ്പൺ ജംപ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു 21 വയസുകാരനായ ജെസ്വിൻ ആൽഡ്രിൻ 8.42 മീറ്റര്‍ ചാടി ദേശീയ റെക്കോഡിട്ടത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീശങ്കര്‍ സ്ഥാപിച്ച 8.36 മീറ്റർ എന്ന റെക്കോഡായിരുന്നു അന്ന് പഴങ്കഥയായത്. 'ഈ ദൂരം ദേശീയ റെക്കോഡിനേക്കാള്‍ കുറവാണ്. എന്നാല്‍ ഈ കുതിപ്പ് നടത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെ'ന്ന് മത്സരത്തിന് ശേഷം ശ്രീശങ്കർ പറഞ്ഞു.
നാഷണല്‍ ഇന്‍റർ സ്റ്റേറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെയാണ് 24-കാരന്‍ പ്രതിനിധീകരിക്കുന്നത്. 12 താരങ്ങളായിരുന്നു പുരുഷ ലോങ് ജംപിന്‍റെ ഫൈനലില്‍ മത്സരിച്ചത്. 7.83 മീറ്റർ ചാടിയ ജെസ്വിൻ ആൽഡ്രിൻ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ 7.71 മീറ്റർ ദൂരം കണ്ടെത്തിയ മുഹമ്മദ് അനീസ് യഹിയ മൂന്നാം സ്ഥാനത്തെത്തി.
100 മീറ്റർ ഹർഡിൽസിലും ഒന്നാം സ്ഥാനത്ത് എത്താനും ശ്രീശങ്കറിന് കഴിഞ്ഞിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ യോഗ്യത നേടുന്നതിനായി നിരവധി കായികതാരങ്ങൾ മത്സരിക്കുന്ന ഭുവനേശ്വറിൽ കടുത്ത ചൂടാണെന്ന് താരം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.