മാനില:ഏഷ്യന്‍ സ്‌പ്രിന്‍റ് ഇതിഹാസം ലിഡിയ ഡി വേഗ അന്തരിച്ചു. 57-ാം വയസിലാണ് ലിഡിയയുടെ മരണം. 2018-ല്‍ കാന്‍സര്‍ ബാധിതയായ ലിഡിയ കഴിഞ്ഞ നാല് വര്‍ഷമായി ചികിത്സയിലായിരുന്നു. 1980കളിൽ ഏഷ്യയിലെ ഏറ്റവും വേഗതയുള്ള താരമായിരുന്ന ലിഡിയ ഫിലിപ്പീൻസിൻ്റെ അഭിമാന താരമായിരുന്നു.
പതിനെട്ടാം വയസില്‍ വേഗം കൊണ്ട് ട്രാക്കുകള്‍ കീഴടക്കിയ ലിഡിയ 100, 200 മീറ്റര്‍ ഇനങ്ങളില്‍ നിരവധി മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്. 1980 കളില്‍ പിടി ഉഷയുടെ പ്രധാന എതിരാളിയും ലിഡിയ ഡി വേഗ ആയിരുന്നു. ഇരുവരും തമ്മിലുള്ള പോരാട്ടങ്ങള്‍ അത്‌ലറ്റിക്‌സ് വേദികളെ ആവേശം കൊള്ളിച്ചിരുന്നവയാണ്.
11.28 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്‌തതാണ് ലിഡിയയുടെ കരിയറിലെ ഏറ്റവും മികച്ച സമയം. 200 മീറ്ററില്‍ 23.35 സെക്കന്‍ഡാണ് താരം കണ്ടെത്തിയ മികച്ച സമയം. ഇത് കൂടാതെ 400 മീറ്ററിലും ലോങ് ജംപിലും ലിഡിയ പങ്കെടുത്തിട്ടുണ്ട്.
ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്ന് നാല് സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും നേടിയ ലിഡിയ ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട്. ദക്ഷിണേഷ്യന്‍ ഗെയിംസില്‍ നിന്ന് 9 സ്വര്‍ണവും രണ്ട് വെള്ളിയുമാണ് ലിഡിയയുടെ സമ്പാദ്യം. ജക്കാര്‍ത്തയില്‍ 1987-ല്‍ നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ലോങ്ജമ്പിലും ലിഡിയ സ്വര്‍ണം നേടിയിരുന്നു.
1984, 1988 ഒളിമ്പിക്‌സുകളിലും പങ്കെടുത്തു. 1994-ല്‍ ആണ് ലിഡിയ മത്സരരംഗത്തുനിന്ന് വിരമിച്ചത്. കായിക രംഗത്ത് നിന്നും വിരമിച്ചതിന് പിന്നാലെ രാഷ്‌ട്രീയത്തിലും സര്‍ക്കാര്‍ മേഖലകളിലും പ്രവര്‍ത്തിച്ചിരുന്നു.