ലൂട്ടൺ ടൗൺ ഫുട്‌ബോൾ ക്ലബ്... കാൽപന്ത് കളിയാരാധകർക്കിടയിൽ അത്ര സുപരിചിതമല്ലാത്തൊരു പേര്. പേരിലും പെരുമയിലും അത്ര കരുത്തരല്ലാത്ത ലൂട്ടൺ 31 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇംഗ്ലീഷ് ടോപ് ഡിവിഷൻ ലീഗിൽ തിരികെയെത്തുന്നത്. അതെ സാക്ഷാൽ മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്‌സണലും ലിവർപൂളും സിറ്റിയുമെല്ലാം കൊമ്പുകോർക്കുന്ന പ്രീമിയർ ലീഗിലേക്കാണ് ഈ കുഞ്ഞൻ ക്ലബിന്‍റെ വരവ്.
ലൂട്ടൺ ടൗണിന്‍റെ ടോപ് ഡിവിഷനിലേക്കുള്ള കുതിപ്പ് അവിശ്വസനീയമായിരുന്നു. ഇത്തരത്തിലുള്ള സ്വപ്‌നതുല്യമായ കുതിപ്പുകളാണ് ഫുട്‌ബോളിന്‍റെ സൗന്ദര്യം കൂട്ടുന്നത്. ഒൻപത് വർഷം മുൻപ് വരെ ലൂട്ടൺ ക്ലബ് ഇംഗ്ലണ്ടിലെ നോൺ ലീഗ് ഫുട്‌ബോളിലാണ് കളിച്ചുകൊണ്ടിരുന്നത്. പ്രീമിയർ ലീഗ്, ചാമ്പ്യൻഷിപ്പ്, ലീഗ് വൺ, ലീഗ് ടൂ എന്നിങ്ങനെയാണ് ഇംഗ്ലീഷ് ഫുട്‌ബോളിലെ ലീഗുകൾ. ഇതിൽ ലീഗ് ടുവിൽ നിന്ന് തരംതാഴ്‌ത്തപ്പെടുന്ന ടീമുകളാണ് നോൺ ലീഗിൽ കളിക്കുന്നത്. 2014 വരെ ഇവിടെയായിരുന്നു ലൂട്ടന്‍റെ സ്ഥാനം.
1885ല്‍ രൂപം കൊണ്ടതാണ് ലൂട്ടൺ ക്ലബ്. 1905 മുതൽ ടീമിന്‍റെ ഹോം മത്സരങ്ങൾ നടക്കുന്നത് നിലവിലെ സ്റ്റേഡിയമായ കെനിൽവർത്ത് റോഡ് എന്ന പേരിലുള്ള വേദിയിൽ തന്നെയാണ്. വെറും 10,356 പേരെ മാത്രം ഉൾക്കൊള്ളാനാകുന്ന ഈ സ്‌റ്റേഡിയത്തിലാണ് പ്രീമിയർ ലീഗിന് വീണ്ടും പന്തുരുളാൻ ഒരുങ്ങുന്നത്. റിവർലീക്കടുത്ത് സ്ഥിതിചെയ്യുന്ന ലൂട്ടൺ സാധാരണക്കാരുടെ ക്ലബായിട്ടാണ് അറിയപ്പെടുന്നത്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് അടക്കമുള്ളവർ കുടിയേറി താമസിക്കുന്ന പ്രദേശമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ 2009ലാണ് ലൂട്ടൺ നോൺ ഡിവിഷൻ ലീഗിലേക്ക് എത്തുന്നത്. തുടർന്ന് ആരാധകർ അടക്കം ഉൾപ്പെട്ട കൺസോർഷ്യമാണ് ക്ലബിനെ പ്രതിസന്ധിയിൽ നിന്നും കരകയറ്റുന്നത്.
ലൂട്ടൺ ക്ലബിന് സംഭവിച്ചത്... 1992 ൽ പ്രീമിയർ ലീഗ് എന്ന പേരിലേക്ക് ഇംഗ്ലീഷ് ടോപ് ഡിവിഷൻ മാറുന്നതിന് മുമ്പാണ് അവർ തരംതാഴ്‌ത്തപ്പെട്ടത്. തുടർന്ന് ടീമിന്‍റെ മുന്നോട്ടുള്ള യാത്രയിൽ നിരവധി സംഭവ വികാസങ്ങളുണ്ടായിട്ടുണ്ട്. ഇതിൽ തന്നെ 2007-09 വരെയുള്ള കാലഘട്ടത്തിലാണ് വലിയ പ്രതിസന്ധി നേരിട്ടത്. ക്ലബിന്‍റെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ ഫുട്‌ബോൾ അസോസിയേഷൻ 30 പോയിന്‍റ് വെട്ടിക്കുറച്ചതോടെയാണ് ലീഗ് രണ്ടിൽ നിന്ന് നോൺ ലീഗിലേക്ക് പോകുന്നത്.
തരംതാഴ്ത്തപ്പെട്ടതിന് ശേഷം അവരുടെ തിരിച്ചുവരവിനാണ് ഇംഗ്ലീഷ് ഫുട്‌ബോൾ സാക്ഷിയായത്. നാല് വർഷം നോൺ ലീഗിൽ കളിച്ച ലൂട്ടൺ, ജോൺ സ്റ്റിൽ എന്ന മാനേജറുടെ വരവോടെ 2013-14 ലെ കോൺഫറൻസ് പ്രീമിയർ ജേതാക്കളായാണ് ലീഗ് രണ്ടിലേക്ക് സ്ഥാനക്കയറ്റം നേടുന്നത്. 2017–18 സീസണിൽ നഥാൻ ജോൺസിന്‍റെ കീഴിൽ ലീഗ് വണ്ണിലേക്കും തൊട്ടടുത്ത വർഷം ചാമ്പ്യൻഷിപ്പിലേക്കും യോഗ്യത നേടി. ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ലൂട്ടൺ ഫുട്‌ബോൾ വിദഗ്‌ധരുടെ പ്രശംസ പിടിച്ചുപറ്റി.
ചാമ്പ്യൻഷിപ്പ് ടേബിളിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌താണ് പ്ലേ ഓഫിന് യോഗ്യത നേടുന്നത്. പ്ലേ ഓഫിന്‍റെ സെമിഫൈനലിൽ സണ്ടർലാൻഡിനെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. ഫൈനലിൽ കോവൻട്രിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് പ്രീമിയർ ലീഗിലേക്ക് പ്രവേശനം ഉറപ്പാക്കിയത്. റോബർട് എഡ്വേർഡ്‌സ് എന്ന വെയിൽസ് പരിശീലകന്‍റെ കീഴിലാണ് ലൂട്ടന്‍ പ്രീമിയർ ലീഗിലേക്ക് മടങ്ങിവരവ് സാധ്യമാക്കിയത്. 1988 ൽ നേടിയ ലീഗ് കപ്പാണ് പ്രധാന കീരീട്ടനേട്ടമായിട്ടുള്ളത്.
ലൂട്ടൺ ക്ലബിന്‍റെ പെല്ലി റുഡ്ഡോക് എംപാൻസു എന്ന താരത്തിന് ഒരു ചരിത്രം സൃഷ്‌ടിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. 2014 ലൂട്ടൺ കോൺഫറൻസ് പ്രീമിയറിൽ കളിക്കുന്ന സമയത്താണ് ഈ താരം ടീമിലെത്തുന്നത്. അന്നുമുതലാണ് ലൂട്ടണോടൊപ്പം ഇംഗ്ലീഷ് ഫുട്‌ബോളിലെ എല്ലാ ഡിവിഷനും കളിച്ച് ടോപ് ഡിവിഷനിലേക്ക് യോഗ്യത നേടിയ ആദ്യ താരമെന്ന ഖ്യാതി താരത്തെ തേടിയെത്തിയത്. പ്രീമിയർ ലീഗിൽ ബ്രൈറ്റണെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയാൽ എംപാൻസു ഇംഗ്ലീഷ് ഫുട്‌ബോളിലെ ചരിത്രത്തിന്‍റെ ഭാഗമാകും. ലൂട്ടൺ ക്ലബിന്‍റെ വിജയഗാഥയിൽ നിർണായക പങ്കുവഹിച്ച താരവുമാണ് 29-കാരനായ ബ്രിട്ടീഷ്-കോംഗോ വംശജനായ എംപാൻസു.