മാഡ്രിഡ് : സ്‌പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡുമായി കരാര്‍ ദീര്‍ഘിപ്പിച്ച് ക്രൊയേഷ്യന്‍ മിഡ്‌ഫീല്‍ഡര്‍ ലൂക്ക മോഡ്രിച്ച്. ഒരുവര്‍ഷത്തേക്കാണ് താരം റയലുമായുള്ള കരാര്‍ നീട്ടിയത്. 2023 ജൂണ്‍ 30 വരെ മോഡ്രിച്ച് ക്ലബ്ബില്‍ തുടരുമെന്ന് റയല്‍ മാഡ്രിഡ് പ്രസ്‌താവനയില്‍ അറിയിച്ചു.
വരുന്ന സെപ്റ്റംബറിൽ 37 വയസ് തികയുന്ന മോഡ്രിച്ച് കഴിഞ്ഞ സീസണിലെ ക്ലബ്ബിന്‍റെ ലാ ലിഗ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങളില്‍ നിര്‍ണായകമായിരുന്നു. ജൂണ്‍ അവസാനത്തോടെ കരാര്‍ തീരാനിരിക്കെ തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് മോഡ്രിച്ച് റയലുമായുള്ള കരാര്‍ നീട്ടുന്നത്.
2012ൽ ടോട്ടൻഹാമിൽ നിന്നാണ് മോഡ്രിച്ച് റയലിലെത്തുന്നത്. ക്ലബ്ബിനായി 436 മത്സരങ്ങള്‍ കളിച്ച താരം 31 ഗോളുകളും 73 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. റയലിനൊപ്പം അഞ്ച് തവണ ചാമ്പ്യൻസ് ലീഗും മൂന്ന് ലാ ലിഗ കിരീടങ്ങളും നേടി.
also read: പരിശീലകന്‍റെ മോശം പെരുമാറ്റം ; വിദേശത്തുള്ള ദേശീയ സൈക്ലിങ് ടീമിനെ തിരികെ വിളിച്ചു
താരവുമായുള്ള കരാര്‍ ദീര്‍ഘിപ്പിക്കുമെന്ന് കോച്ച് കാർലോ ആൻസലോട്ടി കഴിഞ്ഞ ഏപ്രിലില്‍ തന്നെ സൂചന നല്‍കിയിരുന്നു. മോഡ്രിച്ചിന്‍റെ കരിയര്‍ റയലില്‍ തന്നെ അവസാനിക്കുമെന്നും അതെന്നാണെന്ന് തനിക്കറിയില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.