ദോഹ: ജനസംഖ്യയിൽ മലപ്പുറത്തോളം പോന്ന ഒരു കുഞ്ഞൻ രാജ്യമാണ് ക്രൊയേഷ്യ. എതിരാളികൾ ആരായാലും വെട്ടിയൊഴിഞ്ഞ് കാലിൽ കോർത്ത പന്തുമായി കുതിക്കുന്ന സ്വർണമുടിക്കാരൻ. മൈതാന മധ്യത്തിൽ അയാൾ മെനയുന്ന തന്ത്രങ്ങൾ പ്രവചനാതീതമാണ്. ലൂക മോഡ്രിച്ച്... അയാൾ മിഡ്‌ഫീൽഡിൽ നിറഞ്ഞാടിയ ഒന്നരപതിറ്റാണ്ടാണ് ഏറെ അവകാശവാദങ്ങളൊന്നുമില്ലാത്ത ക്രൊയേഷ്യയെ ഫുട്ബോളിന്‍റെ ലോകഭൂപടത്തിൽ ഒരു അത്ഭുതം പോലെ അടയാളപ്പെടുത്തിയത്.
മോഡ്രിച്ച് കരുത്തില്‍ മുന്നേറിയ ക്രൊയേഷ്യ: മോഡ്രിച്ച് മധ്യനിരയിൽ കളിമെനഞ്ഞതിന്‍റെ കരുത്തിലാണ് 2018 റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യ ഫൈനൽ കളിച്ചതെങ്കിൽ ഇത്തവണയും അതേ ബൂട്ടിന്‍റെ കൃത്യതയിലാണ് ഖത്തറിൽ ക്രൊയേഷ്യ മൂന്നാംസ്ഥാനക്കാരായി ഫിനിഷ് ചെയ്‌തത്. ആരാലും കൊതിക്കുന്ന ഫുട്‌ബോളിലെ വിശ്വകിരീടമെന്ന സ്വപ്‌നത്തെ വഴിയിൽ ഉപേക്ഷിച്ച് ഒരിക്കൽ കൂടി അയാൾ പിൻവാങ്ങുന്നു. മധ്യനിരയിൽ ഒരു എഞ്ചിനായ മോഡ്രിച്ച് ഇല്ലാത്ത ലോകകപ്പ് മൈതാനങ്ങളാണ് ഇനി നമ്മളെ കാത്തിരിക്കുന്നത്. മധ്യനിരയെ അനാഥമാക്കി സൗമ്യനായ അയാൾ മടങ്ങുകയാണ്.
ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അടക്കിവാണ കാലത്ത് തന്നെയാണ് ക്രൊയേഷ്യക്കൊപ്പം മോഡ്രിച്ച് അത്ഭുതങ്ങൾ തീർത്തത്. അത്രത്തോളം വാഴ്‌ത്തിപ്പാടിയില്ലെങ്കിലും ബാൾക്കൻ രാജ്യത്തിന്‍റെ എല്ലാമെല്ലാമായിരുന്നു ഈ മധ്യനിര താരം. 1998 ൽ ലോകകപ്പിലെ ആദ്യ വരവിൽ തന്നെ മൂന്നാമതെത്തിയ ക്രൊയേഷ്യയെ വിസ്‌മയമാക്കിയത് ഡാവര്‍ സുക്കറും സ്യോനാവാര്‍ ബോബനുമായിരുന്നു. എന്നാൽ പതിയെ ഫുട്‌ബോളിന്‍റെ ലോകഭൂപടത്തിൽ തെളിഞ്ഞുവന്ന ക്രൊയേഷ്യയെ ഇന്നത്തെ നിലവാരത്തിലേക്ക് എത്തിച്ചത് ലൂക മോഡ്രിച്ചാണ്.