മാഡ്രിഡ്: സ്‌പെയിനിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ലൂയിസ് എൻറിക്വെ. ഖത്തർ ലോകകപ്പിൽ പ്രീക്വാർട്ടറിലെ ഞെട്ടിക്കുന്ന തോൽവിയോടെ ടീം പുറത്തായതിന് പിന്നാലെയാണ് എൻറിക്വെ തന്‍റെ സ്ഥാനത്തുനിന്ന് പടിയിറങ്ങിയത്. സ്‌പെയിൻ അണ്ടർ 21 ടീമിന്‍റെ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യുന്‍റെ സീനിയർ ടീമിന്‍റെ പരിശീലകനായി ചുമതലയേറ്റെടുത്തേക്കും. ഡിസംബർ 12ന് ചേരുന്ന ആർ.എഫ്.ഇ.എഫ് യോഗത്തിൽ പുതിയ പരിശീലകനെ ഔദ്യോഗികമായി തീരുമാനിക്കും.
പ്രീക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മൊറോക്കോയ്‌ക്കെതിരെയാണ് സ്‌പെയിൻ അടിയറവ് പറഞ്ഞത്. ഷൂട്ടൗട്ടിൽ ഒരു കിക്ക് പോലും വലയിലെത്തിക്കാൻ സാധിക്കാതെ തലകുനിച്ചാണ് സ്‌പെയിൻ മടങ്ങിയത്. 2018 ലോകകപ്പിൽ റഷ്യയോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് സ്‌പെയിനിന്‍റെ ദേശീയ ടീം പരിശീലകനായി ലൂയിസ് എൻറിക്വെ എത്തിയത്. 2020ലെ യൂറോ കപ്പിൽ സ്‌പെയിനെ സെമി ഫൈനൽ വരെയെത്തിക്കാൻ എൻറിക്വെയ്‌ക്ക് സാധിച്ചിരുന്നു.
ക്ലബ് തലത്തിൽ 2014 മുതൽ 17 വരെ ബാഴ്‌സലോണയുടെ പരിശീലകനായിരുന്നു എൻറിക്വെ. ഇക്കാലയളവിൽ ബാഴ്‌സലോണയെ ചാമ്പ്യൻസ് ലീഗ്, രണ്ട് ലാ ലിഗ കിരീടങ്ങൾ, മൂന്ന് കോപ്പ ഡെൽ റെയ്‌സ്, സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ്, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവയിലേക്ക് നയിക്കുകയും ചെയ്തു. 2020 ടോക്കിയോ ഒളിമ്പിക്‌സിൽ സ്പെയിനിനെ വെള്ളി മെഡലിലേക്കും അദ്ദേഹം നയിച്ചിരുന്നു.
ALSO READ:റഹീം സ്റ്റെർലിങ് ഖത്തറിലേക്ക് തിരികെയെത്തുന്നു; ഉടൻ ടീമിനൊപ്പം ചേരുമെന്ന് ഇംഗ്ലണ്ട്
അതേസമയം കാലഹരണപ്പെട്ട ടിക്ക ടാക്ക ശൈലിയാണ് സ്‌പെയിനിന്‍റെ തോൽവിക്ക് പ്രധാന കാരണം എന്നാൽ വിദഗ്‌ധർ വിലയിരുത്തുന്നത്. മത്സരത്തിൽ മുഴുവൻ സമയത്തും പന്തടക്കത്തിൽ മുന്നിലാണെങ്കിലും ഗോൾ നേടാൻ മാത്രം സ്‌പെയിനിന് സാധിക്കുന്നില്ല. മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ നിശ്ചിത സമയത്തും അധിക സമയത്തുമായി 1019 പാസുകളാണ് സ്‌പെയിൻ നടത്തിയത്. എന്നാൽ ഗോൾ നേട്ടത്തിൽ മാത്രം ടീം വട്ടപൂജ്യമായി മാറുകയായിരുന്നു.