ന്യൂഡൽഹി : ലോക വനിത ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ കൊയ്‌ത്ത് തുടർന്ന് ഇന്ത്യ. 75 കിലോ വിഭാഗത്തിൽ ലവ്‌ലിന ബോർഗോഹെയ്‌നാണ് ഇന്ത്യക്കായി ഏറ്റവും ഒടുവിൽ സ്വർണം സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ കൈറ്റ്‌ലിൻ പാർക്കറെ ലവ്‌ലിന 5-2 നാണ് പരാജയപ്പെടുത്തിയത്. ഫൈനലില്‍ കൈറ്റ്‌ലിന്‍ പാര്‍ക്കറിനെതിരെ ശക്‌തമായ മത്സരമാണ് ലവ്‌ലിന കാഴ്‌ചവച്ചത്. ലോക വനിത ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ലവ്‌ലിനയുടെ ആദ്യ സ്വർണമാണിത്.
2018ലും 2019ലും ലവ്‌ലിന വെങ്കലം സ്വന്തമാക്കിയിരുന്നു. ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയ താരമാണ് ലവ്‌ലിന. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ഇന്ത്യയുടെ നിഖാത് സരീനും സ്വർണം സ്വന്തമാക്കിയിരുന്നു. ഇന്നലെ ഇന്ത്യയുടെ സവീറ്റി ബൂറയും, നീതു ഗൻഗാസും സ്വർണം നേടിയിരുന്നു. ഇതോടെ 2023ലെ ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പ് നാല് സ്വർണവുമായി അവസാനിപ്പിക്കാൻ ഇന്ത്യക്കായി.
ഇന്ന് നടന്ന ആദ്യ ഫൈനലിൽ വനിതകളുടെ 50 കിലോ വിഭാഗത്തിൽ നിഖാത് സരീൻ സ്വർണം സ്വന്തമാക്കിയിരുന്നു. വിയറ്റ്‌നാമിന്‍റെ നുയൻ തി ടാമിനെ 5-0 എന്ന ഏകപക്ഷീയമായ സ്‌കോറിനാണ് നിഖാത് പരാജയപ്പെടുത്തിയത്. ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ താരത്തിന്‍റെ തുടർച്ചയായ രണ്ടാം സ്വർണമാണിത്. 2022ലെ കോമണ്‍വെൽത്ത് ഗെയിംസിലും നിഖാത് സരീൻ സ്വർണം നേടിയിരുന്നു.
തകർപ്പൻ വിജയത്തോടെ ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ മേരി കോമിന് ശേഷം ഒന്നിലധികം തവണ സ്വർണമെഡൽ നേടുന്ന താരമെന്ന റെക്കോഡും നിഖാത് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ തവണ 52 കിലോ വിഭാഗത്തിലാണ് നിഖാത് സ്വർണം നേടിയിരുന്നത്. രണ്ടാം തവണയും ലോക ചാമ്പ്യനായതിൽ സന്തോഷമുണ്ട് എന്നാണ് മത്സര ശേഷം നിഖാത് സരീൻ പ്രതികരിച്ചത്.