പാരീസ് : ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ നേരിടുമ്പോൾ 2018ലെ ഒരു കണക്ക് തീർക്കാൻ കാത്തിരിക്കുകയാണ് ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാ. അന്ന് റയൽ ക്യാപ്റ്റൻ സെർജിയോ റാമോസിന്‍റെ ടാക്കിളിൽ പരിക്ക് പറ്റി സലാ കളിയുടെ ആദ്യപകുതിയിൽ കണ്ണീരോടെ കളം വിട്ടിരുന്നു. പിന്നാലെ ലിവർപൂൾ 3 -1ന് തോൽക്കുകയും ചെയ്‌തു.
ഫൈനലിൽ റയൽ മാഡ്രിഡിനെ എതിരാളികളായി കിട്ടണമെന്നാണ് മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് സലാ മറുപടി പറഞ്ഞത്. 2018 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ തോറ്റതിനാല്‍ ഇത്തവണ വിജയിക്കണമെന്ന് കൂടി പറഞ്ഞുവെക്കുമ്പോള്‍ സലായുടെ നയം വ്യക്തമാണ്. ആ തോല്‍വിക്കും തന്‍റെ കണ്ണീരിനുമുളള മറുപടി കപ്പുയര്‍ത്തിക്കൊണ്ട് നല്‍കുക.