ലണ്ടൻ :ഇംഗ്ലീഷ് ലീഗ് കപ്പിൽ ലിവർപൂൾ ജേതാക്കള്‍. പെനാൽറ്റി ഷൂട്ടൗട്ടിൽ ചെൽസിയെ തോൽപ്പിക്കുകയായിരുന്നു. ആദ്യാവസാനം വാശിയേറിയ മത്സരം എക്‌സ്‌ട്രാ ടൈമും കടന്ന് നീണ്ടപ്പോള്‍ ഇരു ടീമുകളും 11 പെനാല്‍റ്റി കിക്കുകള്‍ എടുക്കേണ്ടിവന്നു. ഒടുവില്‍ ചെല്‍സി ഗോൾ കീപ്പർ കെപയുടെ കിക്ക് ബാറിന് മുകളിലൂടെ പോയതോടെയാണ് ലിവര്‍പൂള്‍ കിരീടത്തിൽ മുത്തമിട്ടത്.
മത്സരത്തില്‍ ഇരു ഗോളികളും ഗംഭീര പ്രകടനമാണ് എക്‌സ്‌ട്രാ ടൈം വരെ പുറത്തെടുത്തത്. തകര്‍പ്പന്‍ സേവുകള്‍ കൊണ്ട് ചെല്‍സിയുടെ മെന്‍ഡി മത്സരത്തില്‍ മിന്നിത്തിളങ്ങി. ഇതിനിടെ ടീമുകളുടെ ഗോളുകള്‍ വാര്‍ നിഷേധിക്കുകയും ചെയ്‌തു. മത്സരത്തിനിടെ യുക്രൈന് പിന്തുണ അറിയിച്ച് താരങ്ങൾ രംഗത്തെത്തിയതും ശ്രദ്ധേയമായി.
മുൻപ് പലതവണ ഷൂട്ടൗട്ടിൽ ചെൽസിയുടെ രക്ഷകനായി അവതരിച്ച താരമാണ് കെപ. യുവേഫ സൂപ്പർ കപ്പിൽ വിയ്യാറയലിനെ തോൽപ്പിച്ച് ചെൽസി ജേതാക്കളായപ്പോൾ നിർണായകമായ രണ്ട് പെനാൽറ്റി രക്ഷപ്പെടുത്തി വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു കെപ.