ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം. ആൻഫീൽഡിൽ നടക്കുന്ന പോരാട്ടത്തിൽ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും കൊമ്പുകോർക്കും. കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്‌റ്റർ സിറ്റിയുമായി ഇഞ്ചോടിഞ്ച് പോരടിക്കുന്ന ലിവർപൂളും ആദ്യ നാലിൽ ഇടം പിടിക്കാൻ യുണൈറ്റഡും നേർക്കുനേർ വരുമ്പോൾ ലിവർപൂളിന്‍റെ തട്ടകമായ ആൻഫീൽഡിൽ ആവേശമിരട്ടിയാകും.
ഇന്ന് വിജയിച്ചാൽ ലിവർപൂളിന് മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ഒന്നാമത് എത്താം. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഇരുപതാം ലീഗ് കിരീടം എന്ന വലിയ ലക്ഷ്യത്തിലേക്ക് ലിവർപൂളിന് അടുക്കാൻ ഈ വിജയം സഹായിക്കും. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തുെം ലിവർപൂളിനെ തടയുക എന്നതാവും ചെകുത്താൻമാരുടെ ലക്ഷ്യം.