ലണ്ടൻ:പ്രീമിയർ ലീഗിൽ കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയ്ക്കൊപ്പമെത്താൻ ലിവർപൂൾ ഇന്ന് ആസ്റ്റൺ വില്ലയെ നേരിടും. അവസാന മത്സരത്തിൽ ടോട്ടനത്തിനെതിരെ സമനില വഴങ്ങിയതിനാൽ, മൂന്ന് മത്സരങ്ങൾ മാത്രം ബാക്കിയുള്ള ലീഗിൽ ലിവർപൂൾ സിറ്റിയെക്കാൾ മൂന്ന് പോയിന്‍റ് പിറകിലാണ്. 35 മത്സരങ്ങൾ പൂർത്തിയായ ലീഗിൽ 86 പോയിന്‍റുമായാണ് സിറ്റി ഒന്നാമതുള്ളത്.
ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാർഡിന്‍റെ കീഴിലിറങ്ങുന്ന ആസ്റ്റൺ വില്ലയ്‌ക്കെതിരെ ലിവർപൂൾ തോൽവിയറിഞ്ഞാൽ കീരിടപ്പോരിൽ അവർക്കത് കനത്ത തിരിച്ചടിയാകും. അതിനൊപ്പം തന്നെ നാളെ വോൾവ്സിനെ നേരിടുന്ന സിറ്റിക്ക് ജയിക്കാനായാൽ രണ്ട് മത്സരങ്ങൾ ബാക്കിനിൽക്കെ ആറ് പോയിന്‍റിന്‍റെ വ്യക്തമായ ലീഡോടെ ലിഗിൽ ആധിപത്യമുറപ്പാക്കാനാകും. ശനിയാഴ്‌ച എഫ്.എ കപ്പ് ഫൈനലിൽ ചെൽസിയെ നേരിടേണ്ടതിനാൽ ഇന്നത്തെ മത്സരത്തിൽ തന്‍റെ കളിക്കാർക്ക് വിശ്രമം നൽകണമോ എന്ന് ലിവർപൂൾ മാനേജർ ജർഗൻ ക്ലോപ്പ് ചിന്തിക്കണ്ടതായിട്ട് വരും.
ലാലീഗ; ലീഗിൽ രണ്ടാം സ്ഥാനവും സ്‌പാനിഷ് സൂപ്പർ കപ്പ് യോഗ്യതയുമുറപ്പാക്കാൻ ബാഴ്‌സലോണ ഇന്ന് സെൽറ്റ വിഗോയെ നേരിടും. നിലവിൽ രണ്ടാമതുള്ള കറ്റാലൻസിന് മൂന്നാം സ്ഥാനത്തുള്ള സെവിയ്യയെക്കാൾ നാല് പോയിന്‍റന്‍റെ ലീഡാണുള്ളത്.
അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത സാധ്യത സജീവമാക്കാൻ പോയിന്‍റ് ടേബിളിൽ അഞ്ചാമതുള്ള റയൽ ബെറ്റിസ് ഇന്ന് വലൻസിയയെ നേരിടും. ലീഗിലെ അവസാന നാല് മത്സരത്തിൽ ജയം നേടാനാവാത്ത ബെറ്റിസ് വിജയവഴിയിൽ തിരിച്ചെത്താനാകും ഇന്നിറങ്ങുക. മൂന്ന് മത്സരം ബാക്കിയുള്ള ലീഗിൽ മാനുവൽ പെല്ലെഗ്രിനിയുടെ ടീം നാലാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനെക്കാൾ ആറ് പോയിന്‍റ് പിന്നിലാണ്.
കഴിഞ്ഞ മാസം നടന്ന കോപ്പ ഡെൽ റേ ഫൈനൽ മത്സരത്തിന്‍റെ തനി ആവർത്തനമായിരിക്കും ഈ മത്സരം. പെനാൽറ്റി ഷൂട്ടൗട്ടിൽ വലൻസിയയെ മറികടന്ന ബെറ്റിസ് 17 വർഷത്തിന് ശേഷം ആദ്യമായി കോപ്പ ഡെൽ റേ കീരിടം ചൂടിയിരുന്നു. തരംതാഴ്ത്തൽ ഭീഷണിയിലുള്ള ഗ്രാനഡ എട്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക് ബിൽബാവോയെയും നേരിടും.