വെംബ്ലി: കിരീടത്തോടെ പുതിയ സീസണിന് ഗംഭീര തുടക്കമിട്ട് ലിവർപൂൾ. സീസൺ തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള കമ്മ്യൂണിറ്റി ഷീൽഡ് ഫൈനലിൽ മാഞ്ചസ്‌റ്റർ സിറ്റിയെ 3-1 എന്ന സ്കോറിനാണ് ലിവർപൂൾ തോൽപ്പിച്ചത്. കഴിഞ്ഞ വർഷത്തെ പ്രീമിയർ ലീഗ് ജേതാക്കളും എഫ് എ കപ്പ് ചാമ്പ്യന്മാരും തമ്മിലാണ് കമ്മ്യൂണിറ്റി ഷീൽഡ് പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്.
കിംഗ് പവർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ഒരു പ്രീസീസൺ മത്സരത്തിന്‍റെ വേഗതയെ തുടക്കത്തിൽ ഉണ്ടായിരുന്നുള്ളൂ. ഹാലൻഡിനെ മുന്നേറ്റത്തിന്‍റെ ചുക്കാൻ ഏൽപ്പിച്ചാണ് സിറ്റി തുടങ്ങിയത്. എങ്കിലും ലിവർപൂളിന്‍റെ കരുത്തുറ്റ പ്രതിരോധം എളുപ്പത്തിൽ മറികടക്കാനായില്ല.
മത്സരത്തിന്‍റെ 21-ാം മിനുറ്റിൽ ട്രെന്‍റ് അർനോൾഡ് ലിവർപൂളിന് ലീഡ് നൽകി. മുഹമ്മദ് സലാഹ് നൽകിയ പാസിൽ നിന്നും അർനോൾഡിന്‍റെ ഷോട്ട് സിറ്റി ഗോൾകീപ്പർ എഡേഴ്‌സണെ മറികടന്ന് വലയിലെത്തി. 70-ാം മിനുറ്റിൽ യുവ സ്ട്രൈക്കർ ജൂലിയൻ അൽവാരാസാണ് സിറ്റിയെ ഒപ്പമെത്തിച്ചത്. ഗോൾകീപ്പർ അഡ്രിയന്‍റെ പിഴവ് മുതലാക്കിയായിരുന്നു അൽവാരാസിന്‍റെ ഗോൾ. ഒപ്പം താരത്തിന്റെ മാഞ്ചസ്റ്റർ സിറ്റി കരിയറിലെ ആദ്യ ഗോളുമായിരുന്നുവിത്.
ഈ സമനില അധികനേരം നീണ്ടു നിന്നില്ല. 83-ാം മിനുറ്റിലെ മുഹമ്മദ് സലാഹ് പെനാൽറ്റിയിലൂടെ ലിവർപൂളിനെ 2-1ന് മുന്നിൽ എത്തിച്ചു. റുബൻ ഡയസിന്‍റെ ഹാൻഡ് ബോൾ ആയിരുന്നു ലിവർപൂളിന് പെനാൽറ്റി നൽകിയത്. കളിയുടെ ഇഞ്ച്വറി ടൈമിൽ ഡാർവിൻ ന്യൂനസിലൂടെ മൂന്നാം ഗോളും നേടിയ ലിവർപൂൾ കിരീടം ഉറപ്പിച്ചു. തൊട്ടുപിന്നാലെ ഗോൾകീപ്പർ മുന്നിൽ നിൽക്കെ ലഭിച്ച അവസരം ഹാലൻഡിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഈ വിജയത്തോടെ ലിവർപൂൾ പതിനാറാം കമ്മ്യൂണിറ്റി ഷീൽഡാണ് സ്വന്തമാക്കിയത്.