ലണ്ടൻ: പോർച്ചുഗീസ് ക്ലബ് ബെനഫിക്കയുടെ ഉറുഗ്വേ സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ ന്യൂനസിനെ ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂള്‍ സ്വന്തമാക്കി. 80 മില്ല്യൺ ട്രാൻസ്‌ഫർ തുകയും, 20 മില്യൺ ആഡ് ഓണുമടക്കം 100 മില്യണ്‍ യൂറോയാണ് ന്യൂനസിനായി ലിവര്‍പൂള്‍ മുടക്കിയത്. ചിരവൈരികളായ മാഞ്ചസ്‌റ്റർ യുണൈറ്റഡിന്‍റെ വെല്ലുവിളി മറികടന്നാണ് ലിവർപൂൾ ന്യൂനസിനെ തട്ടകത്തില്‍ എത്തിച്ചത്.
മുന്നേറ്റ താരമായ ന്യൂനസിനെ സ്വന്തമാക്കിയ വാര്‍ത്ത ലിവര്‍പൂള്‍ ഉടന്‍ തന്നെ ഔദ്യോഗികമായി പുറത്തുവിടും. നിലവിൽ സ്‌പെയിനിലുള്ള താരം കരാർ പൂർത്തിയാക്കാൻ നാളെ(ജൂണ്‍ 13) തന്നെ ഇംഗ്ലണ്ടിലേക്ക് തിരിക്കും. അവിടെ വച്ച് ലിവർപൂളുമായി കരാർ ഒപ്പുവെക്കുകയും മെഡിക്കൽ പൂർത്തിയാക്കുകയും ചെയ്യും. 2028 വരെ ആറ് വര്‍ഷത്തെ കരാറിലാണ് ന്യൂനസ് ലിവര്‍പൂളിലെത്തുന്നത്.
100 മില്യണ്‍ യൂറോയ്‌ക്ക് ലിവര്‍പൂളിലെത്തുന്ന ന്യൂനസ് ക്ലബ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമെന്ന റെക്കോഡും സ്വന്തം പേരിലാക്കും. നിലവിൽ ഡച്ച് പ്രതിരോധതാരം വിര്‍ജില്‍ വാന്‍ഡിജിക്കാണ് ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരം. 2018ൽ 75 മില്യണ്‍ യൂറോ മുടക്കിയാണ് ഡച്ച് ഡിഫൻഡറെ ആൻഫീൽഡില്‍ എത്തിച്ചിരുന്നത്.
ALSO READ:അവർ മറ്റു ടീമുകളെക്കാൾ കരുത്തർ; ഖത്തറിൽ കിരീടമുയർത്താൻ സാധ്യതയുളള ടീമുകള്‍ ഇവർ : ലൂയിസ് എൻറിക്വെ
ലിവര്‍പൂള്‍ അഞ്ച് മാസത്തിനിടയില്‍ ടീമിലെത്തിക്കുന്ന രണ്ടാമത്തെ സൗത്ത് അമേരിക്കന്‍ താരമാണ് ന്യൂനസ്. നേരത്തേ പോര്‍ട്ടോയില്‍ നിന്ന് മുന്നേറ്റതാരം ലൂയിസ് ഡയസിനെ ചെമ്പട ആന്‍ഫീല്‍ഡില്‍ എത്തിച്ചിരുന്നു. 22 കാരനായ ന്യൂനസ് ബെന്‍ഫിക്കയില്‍ തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്. ബെന്‍ഫിക്കയ്‌ക്ക് വേണ്ടി 2020 സെപ്‌റ്റംബര്‍ മുതല്‍ പന്തുതട്ടുന്ന ന്യൂനസ് 85 മത്സരങ്ങളില്‍ നിന്നായി 48 ഗോളുകള്‍ നേടി. കഴിഞ്ഞ സീസണിൽ മാത്രം 38 മത്സരങ്ങളിൽ നിന്ന് 32 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.