ദോഹ :2022ലെ ഫിഫ ലോകകപ്പ് കിരീടം നേടി അര്‍ജന്‍റീന മടങ്ങുമ്പോള്‍ റെക്കോഡുകളുടെ രാജാവായി നായകന്‍ ലയണല്‍ മെസി അവരോധിക്കപ്പെടുകയാണ്. ഖത്തറിന് മുമ്പ് നാലുതവണ ലോകകപ്പ് കളിച്ചിട്ടും എത്തിപ്പിടിക്കാനാകാതെ പോയ സുവര്‍ണ കീരീടത്തിനൊപ്പമാണ് മെസിയുടെ റെക്കോഡ് പൂരവും. ഫൈനലിലെ വിജയത്തോടെ ഫുട്‌ബോളിന്‍റെ മിശിഹ തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് ലയണല്‍ മെസി.
ലോകകപ്പ് കിരീടത്തിനൊപ്പം മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ കൂടി നേടിയതോടെ ഒന്നില്‍ കൂടുതല്‍ തവണ ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ താരമായി മെസി. ഇതിന് മുമ്പ് 2014 ലെ ലോകകപ്പിലാണ് മെസിക്ക് ഗോള്‍ഡന്‍ ബോള്‍ ലഭിച്ചത്. അന്ന് ഫൈനലില്‍ അര്‍ജന്‍റീന ജര്‍മനിയോട് അടിയറവ് പറഞ്ഞെങ്കിലും മികച്ച കളിക്കാരനെന്ന പട്ടം മെസിക്ക് ലഭിച്ചു.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ, ജയിച്ച മത്സരങ്ങളുടെ ഭാഗമായ താരമെന്ന റെക്കോഡും ഈ ഫുട്ബോള്‍ ഇതിഹാസത്തിന്‍റെ പേരിനൊപ്പമായി. ജയിച്ച 17 മത്സരങ്ങളുടെ ഭാഗമായിരുന്ന ജര്‍മന്‍ താരം മിറോസ്ലാവ് ക്ലോസയുടെ പേരിലുള്ള റെക്കോഡിന് ഒപ്പമെത്തിയിരിക്കുകയാണ് മെസി.
ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡും മെസിക്ക് സ്വന്തം (26 മത്സരങ്ങള്‍). ജർമൻ ഇതിഹാസം ലോഥർ മത്തേവൂസിന്‍റെ 25 മത്സരങ്ങൾ എന്ന റെക്കോഡാണ് മെസി മറികടന്നത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സമയം കളിക്കുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ് താരം. ലോകകപ്പിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സമയം കളിച്ച ഇറ്റാലിയന്‍ താരം പൗലോ മാള്‍ഡീനിയുടെ 2,216 മിനിറ്റ് എന്ന റെക്കോഡാണ് മെസി മറികടന്നത്.
ഫ്രാന്‍സിനെതിരായ ആദ്യ ഗോളിലൂടെ നോക്കൗട്ട് ഘട്ടങ്ങളിലെ എല്ലാ മത്സരങ്ങളിലും ഗോള്‍ നേടുന്ന താരമെന്നും ഇനി മെസി അറിയപ്പെടും. ഫൈനലില്‍ ഇന്നലെ ഫ്രാന്‍സിനെതിരെ ഗോള്‍ നേടിയതോടെ അര്‍ജന്‍റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ (13) നേടിയ താരവും മെസി തന്നെയാണ്. അഞ്ചാമത് ലോകകപ്പ് മത്സരവും പൂര്‍ത്തിയാക്കിയതോടെ ഇത്രയും ലോകകപ്പ് കളിച്ച ഏക അര്‍ജന്‍റൈന്‍ താരവുമായി മെസി.
കൂടാതെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ പ്രായം കൂടിയ കളിക്കാരനെന്ന റെക്കോഡും അര്‍ജന്‍റൈന്‍ നായകന് സ്വന്തം. 1996ന് ശേഷം വ്യത്യസ്‌ത മത്സര ഘട്ടങ്ങളില്‍ ഗോളുകളും അസിസ്റ്റുകളും നേടുന്ന ആദ്യ താരമെന്ന നേട്ടം കരസ്ഥമാക്കി ഏറെ പഴക്കം ചെന്നൊരു റെക്കോര്‍ഡുകൂടി തിരുത്തിയിരിക്കുകയാണ് മെസി.