പാരിസ്: നീസിനെതിരെ ഇന്നലെ നടന്ന ഫ്രഞ്ച് കപ്പ് മത്സരം വളരെയധികം ശ്രദ്ധിക്കപ്പെട്ടതിന്‍റെ പ്രധാന കാരണം ലയണൽ മെസി കുറച്ചു കാലങ്ങൾക്കു ശേഷം വീണ്ടും ക്ലബ് തലത്തിൽ പത്താം നമ്പർ ജേഴ്‌സി അണിഞ്ഞുവെന്നതാണ്. പിഎസ്‌ജിയിലെത്തിയ സമയത്ത് നെയ്‌മർ പത്താം നമ്പർ ജേഴ്‌സി മെസിക്ക് വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും അതു നിഷേധിച്ച താരം സാധാരണയായി പി.എസ്.ജിയില്‍ 30-ാം നമ്പർ ജഴ്‌സിയാണ് ധരിക്കുന്നത്.
ഇന്നലെ നടന്ന മത്സരത്തിൽ ഏതാനും മാസങ്ങൾക്കു ശേഷം മെസി ക്ലബ് തലത്തിൽ വീണ്ടും പത്താം നമ്പർ ജേഴ്‌സി അണിയുകയുണ്ടായി. ഫ്രഞ്ച് കപ്പിന്‍റെ നോക്കൗട്ട് മത്സങ്ങളിൽ നടപ്പാക്കാറുള്ള ഒരു സമ്പ്രദായമാണ് മെസിക്ക് വീണ്ടും പത്താം നമ്പർ ജേഴ്‌സി അണിയാൻ അവസരം ഒരുക്കിയത്. ഇതു പ്രകാരം ഫ്രഞ്ച് കപ്പ് നോക്കൗട്ട് മത്സരത്തിൽ ഒന്നാം നമ്പർ മുതൽ പതിനൊന്നാം നമ്പർ വരെയുള്ള ജേഴ്‌സികളിലാണ് ടീമിലെ താരങ്ങൾ ആദ്യ ഇലവനിൽ അണിനിരക്കുക.