ഫ്ലോറിഡ : ഇന്‍റര്‍ മയാമിക്കായി (Inter Miami) ഗോള്‍ വേട്ട തുടര്‍ന്ന് സൂപ്പര്‍ താരം ലയണല്‍ മെസി (Lionel Messi). ഇന്ന് (ഓഗസ്റ്റ് 03) ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെ (Orlando City) നടന്ന ലീഗ്‌സ് കപ്പില്‍ (Leagues Cup) രണ്ട് ഗോളുകളാണ് മെസി എതിര്‍ ഗോള്‍ വലയിലെത്തിച്ചത്. മെസിയുടെ ഇരട്ട ഗോളിന്‍റെ കരുത്തില്‍ ഇന്‍റര്‍ മയാമി മത്സരത്തില്‍ 3-1ന് ജയം പിടിച്ചെടുക്കുകയും ചെയ്‌തു.
മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ലീഗ്‌സ് കപ്പിലെ ഇന്‍റര്‍ മയാമി ഒര്‍ലാന്‍ഡോ സിറ്റി മത്സരം ആരംഭിച്ചത്. ആദ്യ വിസില്‍ മുഴങ്ങി ഏഴാം മിനിട്ടില്‍ തന്നെ ലയണല്‍ മെസിയുടെ ഗോളില്‍ ഇന്‍റര്‍ മയാമി ലീഡ് പിടിച്ചു. റോബര്‍ട്ട് ടെയ്‌ലര്‍ മെസി കൂട്ടുകെട്ടില്‍ നിന്നായിരുന്നു ആദ്യ ഗോള്‍ പിറന്നത്.
ബോക്‌സിന് തൊട്ട് വെളിയില്‍ നിന്നും ടെയ്‌ലര്‍ ചിപ്പ് ചെയ്‌ത് നല്‍കിയ പന്ത് ബോക്‌സിനുള്ളില്‍ വച്ച് നെഞ്ചുകൊണ്ട് സ്വീകരിച്ച് ഇടംകാല്‍ കൊണ്ടാണ് മെസി ഒര്‍ലാന്‍ഡോയുടെ വലയിലേക്ക് അടിച്ചുകയറ്റിയത്. ഇന്‍റര്‍ മയാമിക്ക് വേണ്ടിയുള്ള താരത്തിന്‍റെ നാലാമത്തെ ഗോളായിരുന്നു ഇത്. മെസിയുടെ ഗോളിന് 17-ാം മിനിട്ടില്‍ തന്നെ മറുപടി നല്‍കാന്‍ ഒര്‍ലാന്‍ഡോയ്‌ക്കായിരുന്നു.
സെസാര്‍ അറൗയോയുടെ ഗോളിലായിരുന്നു ഒര്‍ലാന്‍ഡോ മയാമിക്കൊപ്പമെത്തിയത്. ആദ്യ പകുതിയില്‍ തന്നെ മറ്റൊരു ഗോള്‍ നേടാനുള്ള അവസരം മെസിക്ക് ഫ്രീ കിക്കിലൂടെ ലഭിച്ചിരുന്നു. എന്നാല്‍, ബോക്‌സിന് വെളിയില്‍ നിന്നും ഗോള്‍ വല ലക്ഷ്യമാക്കി മെസി പായിച്ച ഇടംകാലന്‍ ഷോട്ട് ഒര്‍ലാന്‍ഡോ ഗോള്‍ കീപ്പര്‍ പെഡ്രോ ഗലീസ് (Pedro Gallese) ചാടി ഉയര്‍ന്ന് തട്ടിമാറ്റി.
ഇതോടെ മത്സരത്തിന്‍റെ ഒന്നാം പകുതി 1-1 എന്ന സ്‌കോറിന് സമനിലയിലാണ് കലാശിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലീഡ് ഉയര്‍ത്താന്‍ മയാമിക്ക് സാധിച്ചിരുന്നു. 52-ാം മിനിട്ടില്‍ ജോസഫ് മാര്‍ട്ടിനെസ് (Josef Martinez) പെനാല്‍ട്ടിയിലൂടെയായിരുന്നു അവര്‍ക്കായി ഗോള്‍ നേടിയത്. 20 മിനിട്ടിന് ശേഷം മത്സരത്തിലെ തന്‍റെ രണ്ടാം ഗോളും മെസി ഒര്‍ലാന്‍ഡോ പോസ്റ്റിലേക്കെത്തിച്ചു.
വലംകാല്‍ കൊണ്ട് മെസി ഒര്‍ലന്‍ഡോ വലയിലെത്തിച്ച പന്ത് ഇന്‍റര്‍ മയാമിയുടെ ജയം ഉറപ്പാക്കുന്ന ഗോള്‍ കൂടിയായിരുന്നു. മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബിനായി തന്‍റ മൂന്നാം മത്സരത്തില്‍ താരം നേടുന്ന അഞ്ചാമത്തെ ഗോള്‍ കൂടിയായിരുന്നു ഇത്. ഇന്‍റര്‍ മയാമിയുടെ കുപ്പായത്തില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഗോള്‍ നേടാന്‍ മെസിക്ക് സാധിച്ചിരുന്നു.
ക്ലബ്ബിനായുള്ള അരങ്ങേറ്റ മത്സരത്തില്‍ ക്രൂസ് അസൂലിനെതിരെ ഫ്രീ കിക്കിലൂടെ ഗോള്‍ നേടിയ മെസി രണ്ടാം മത്സരത്തില്‍ അറ്റ്‌ലാന്‍റ യുണൈറ്റഡിനെതിരെ രണ്ട് ഗോളുകളാണ് നേടിയത്. അതേസമയം റോബര്‍ട്ട് ടെയ്‌ലര്‍, ജോസഫ് മാര്‍ട്ടിനെസ് എന്നിവര്‍ക്കൊപ്പം മികച്ച ഒത്തിണക്കത്തോടെയാണ് മെസി ഇന്‍റര്‍ മയാമിയില്‍ പന്ത് തട്ടുന്നത്. വരും മത്സരങ്ങളിലും ഇവരുടെ പ്രകടനം ടീമിന് ഗുണം ചെയ്യുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ലീഗ്‌സ് കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഞായറാഴ്‌ച (ഓഗസ്റ്റ് 06) നടക്കുന്ന മത്സരത്തില്‍ എഫ് സി ഡളാസ് (FC Dallas) ആണ് മെസിയുടെയും കൂട്ടരുടെയും അടുത്ത എതിരാളി.