പാരിസ്: സൂപ്പർതാരം ലയണൽ മെസിയെ ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലെത്തിച്ചത് സാമ്പത്തികമായ നേട്ടമുണ്ടാക്കുന്നതിൽ വലിയ സ്വാധീനമുണ്ടാക്കിയതായി പ്രസിഡന്‍റ് നാസർ അൽ ഖലൈഫി. ലാ ലിഗയിലെ സാമ്പത്തിക ചട്ടങ്ങൾ തിരിച്ചടിയായതോടെ കഴിഞ്ഞ സീസണിലാണ് മെസി ബാഴ്‌സ വിട്ടത്. ഈ സീസണിൽ പിഎസ്‌ജി ജഴ്‌സിയിൽ 6 ഗോളുകളും 14 അസിസ്റ്റുകളുമായി മെസിക്ക് മികച്ച പ്രകടനം നടത്താനായില്ലെങ്കിലും താരത്തിന്‍റെ സാന്നിധ്യം കൊണ്ട് നേട്ടം ലഭിച്ചത് പിഎസ്‌ജിക്കാണ്.
മെസിയെ ടീമിലെത്തിച്ചതോടെ ഇമേജ് റൈറ്റ്സ്, മാർക്കറ്റിങ്, സ്റ്റേഡിയം എന്നിവയടക്കം വ്യത്യസ്‌ത മേഖലയിലൂടെ ക്ലബിന്‍റെ വരുമാനത്തിൽ സ്വാധീനം ചെലുത്തി. അതോടൊപ്പം യുവതാരം കിലിയൻ എംബാപ്പെയുടെ കരാർ പുതുക്കിയതിലൂടെ കൂടുതൽ സാമ്പത്തികനേട്ടം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അൽ ഖലൈഫി സൂചിപ്പിച്ചു. ലയണൽ മെസി പിഎസ്‌ജിയിൽ എത്തിയതോടെ പുതിയ 10 സ്‌പോൺസർഷിപ്പ് കരാറാണു ലഭിച്ചതെന്ന് ക്ലബിന്‍റെ പ്രസ്‌തുത വിഭാഗം കൈകാര്യം ചെയ്യുന്ന മാർക് ആംസ്‌ട്രോങ് നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ മൂന്ന് മുതൽ അഞ്ച് വരെ മില്ല്യൺ യൂറോയായിരുന്ന സ്‌പോൺസർഷിപ്പ് കരാറുകൾ ഒറ്റയടിക്ക് അഞ്ച് മുതൽ എട്ട് വരെയായി വർധിച്ചത് മെസിയുടെ ട്രാൻസ്‌ഫർ ഉണ്ടാക്കിയ സ്വാധീനം തുറന്ന് കാട്ടുന്നു.
ഡയർ, ഗൊറില്ലാസ്, ക്രിപ്റ്റോ.കോം, ഓട്ടോഹീറോ, ഗോട്ട്, സ്‌മാർട്ട് ഗുഡ് തിങ്‌സ്, ഇൻഫിനിറ്റി സ്‌പോർട്ട് വാട്ടർ, ഗീക്ക്‌വേപ്പ്, പ്ലേയ്‌ബെറ്റ് ആർ, ബിഗ് കോള എന്നിവരാണ് പിഎസ്‌ജിയുടെ പുതിയ സ്പോൺസർമാരായി എത്തിയത്. നിലവിൽ ക്രിപ്റ്റോ തിരിച്ചടി നേരിടുന്നുണ്ടെങ്കിലും മെസിയെ സ്വന്തമാക്കിയ സമയത്തെ അപേക്ഷിച്ച് പിഎസ്‌ജിയുടെ കോയിനുകളുടെ മൂല്യം ഇരട്ടിയായിട്ടുണ്ട്. സ്‌പാനിഷ് മാധ്യമം മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം 600 മില്യൺ യൂറോയുടെ വരുമാനമാണ് പിഎസ്‌ജി നേടിയത്.