കേരളം

kerala

ETV Bharat / sports

ഇന്‍റര്‍ മിയാമി അരങ്ങേറ്റത്തിന് തിയതി കുറിച്ചു ? ; മേജര്‍ ലീഗ് സോക്കറില്‍ തരംഗമാകാന്‍ ലയണല്‍ മെസി

അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുമായി കരാര്‍ നിബന്ധനകളുടെ കാര്യത്തില്‍ ധാരണയിലെത്തിയതായി മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്‍റര്‍ മിയാമിയുടെ സഹ ഉടമ

Lionel Messi to make Inter Miami debut in July  Lionel Messi Inter Miami debut  Lionel Messi  Lionel Messi news  Inter Miami  major league soccer  മേജര്‍ ലീഗ് സോക്കര്‍  ലയണല്‍ മെസി  ലയണല്‍ മെസി ഇന്‍റര്‍മിയാമി അരങ്ങേറ്റം  ഇന്‍റര്‍മിയാമി
മേജര്‍ ലീഗ് സോക്കറില്‍ തരംഗമാവാന്‍ ലയണല്‍ മെസി

By

Published : Jun 21, 2023, 9:09 PM IST

മിയാമി :അര്‍ജന്‍റൈന്‍ ഇതിഹാസ താരം ലയണല്‍ മെസിയുടെ അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്‍റര്‍ മിയാമിയിലെ അരങ്ങേറ്റം അടുത്ത മാസമെന്ന് റിപ്പോര്‍ട്ട്. ഇന്‍റര്‍ മിയാമിയ്‌ക്കായി 35-കാരനായ ലയണല്‍ മെസി ജൂലായ് 21-ന് അരങ്ങേറ്റം നടത്തുമെന്ന് ക്ലബ്ബിന്‍റെ സഹ ഉടമ ജോര്‍ജ് മാസ് മാധ്യമങ്ങളെ അറിയിച്ചതായി റിപ്പോര്‍ട്ട്. ലീഗ് കപ്പ് ഉദ്ഘാടന മത്സരത്തില്‍ മെക്സിക്കോയിലെ ക്രൂസ് അസുലിനെയാണ് അന്ന് ഇന്‍റര്‍ മിയാമി നേരിടുന്നത്.

ലയണല്‍ മെസിയുമായുള്ള കരാര്‍ നിബന്ധനകളുടെ കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും ക്ലബ്ബില്‍ ചേരാനുള്ള തന്‍റെ താത്പര്യം സൂപ്പര്‍ താരം പ്രഖ്യാപിച്ചതിന് പിന്നാലെ ആവശ്യമായ പേപ്പർ വർക്കുകളും വിസ നടപടിക്രമങ്ങളും പൂർത്തിയായതായും അദ്ദേഹം പറഞ്ഞു. പ്രതിവർഷം ഏകദേശം 50 മില്യൺ ഡോളര്‍ (ഏകദേശം 410 കോടിയോളം ഇന്ത്യന്‍ രൂപ) മുതൽ 60 മില്യൺ ഡോളർ (ഏകദേശം 492 കോടിയോളം ഇന്ത്യന്‍ രൂപ) വരെയുള്ള തുകയ്‌ക്ക് രണ്ടര വർഷത്തെ കരാറാണ് മെസി ക്ലബ്ബുമായി ഒപ്പുവയ്‌ക്കുകയെന്നാണ് റിപ്പോര്‍ട്ട്.

കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള വ്യവസ്ഥയും ഇതിലുണ്ടാകുമെന്നാണ് വിവരം. ലോകകപ്പ് ജേതാവായ മെസി എത്തുന്നതോടെ അമേരിക്കയില്‍ സോക്കറിന്‍റെ ജനപ്രീതി ഉയരുമെന്നാണ് മേജര്‍ ലീഗ് സോക്കര്‍ അധികൃതര്‍ പ്രതീക്ഷ വയ്‌ക്കുന്നത്. ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയില്‍ നിന്നാണ് മെസി ഇന്‍റര്‍ മിയാമിയിലേക്ക് എത്തുന്നത്.

സ്‌പാനിഷ്‌ ക്ലബ് എഫ്‌സി ബാഴ്‌സലോണയ്‌ക്കായി 18 വര്‍ഷം പന്തുതട്ടിയതിന് ശേഷം 2021-ല്‍ രണ്ട് വര്‍ഷത്തെ കരാറിലായിരുന്നു ഏഴ്‌ തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ മെസി പിഎസ്‌ജിയില്‍ എത്തിയിരുന്നത്. ലാ ലിഗയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമമായിരുന്നു മെസിയേയും ബാഴ്‌സയേയും വേര്‍പിരിച്ചത്. പിഎസ്‌ജിക്കായി കഴിഞ്ഞ രണ്ട് സീസണുകളില്‍ 74 മത്സരങ്ങള്‍ കളിച്ച മെസി 32 ഗോളും 35 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

കഴിഞ്ഞ ഖത്തര്‍ ലോകകപ്പ് മുതല്‍ താരവുമായുള്ള കരാര്‍ പുതുക്കാന്‍ ഫ്രഞ്ച് ക്ലബ് ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. പിഎസ്‌ജിയില്‍ നിന്നും ബാഴ്‌സലോണയിലേക്ക് തിരികെ പോകാനായിരുന്നു മെസി ശ്രമം നടത്തിയിരുന്നത്. ഇക്കാര്യം താരം അടുത്തിടെ തുറന്ന് പറയുകയും ചെയ്‌തിരുന്നു.

ബാഴ്‌സയിലേക്ക് പോകാനുള്ള പദ്ധതികള്‍ വിജയിച്ചില്ലെങ്കിലും നിലവിലെ തീരുമാനത്തില്‍ സന്തുഷ്‌ടനാണെന്നും മെസി പ്രതികരിച്ചിരുന്നു. ഇന്‍റര്‍ മിയാമിയ്‌ക്കൊപ്പം വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും അര്‍ജന്‍റൈന്‍ താരം കൂട്ടിച്ചേര്‍ത്തിരുന്നു. മെസി ക്ലബ് വിടാനുള്ള സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നതിനാലാണ് ബാഴ്‌സയ്‌ക്ക് മെസിയെ ലാ ലിഗയിലേക്ക് തിരികെ എത്തിക്കാന്‍ കഴിയാതിരുന്നത്.

ALSO READ:'ഡെവിൾ ബേബി'ക്ക് ശിക്ഷ, കോടതി വിധി ചെല്‍സി താരങ്ങളെ ശല്യപ്പെടുത്തിയതിന്...

അതേസമയം ലയണല്‍ മെസി എത്തുന്നു എന്നറിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ ഇന്‍റര്‍ മിയാമിയുടെ പിന്തുണ കുതിച്ചുയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ 3.8 ദശലക്ഷം ഫോളോവേഴ്‌സുണ്ടായിരുന്നു ഇന്‍റര്‍ മിയാമിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ നിലവിലത് എട്ട് ദശലക്ഷം പിന്നിട്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details