കേരളം

kerala

ETV Bharat / sports

ചരിത്ര നേട്ടത്തിനരികെ ലയണല്‍ മെസി; ഗോള്‍ വേട്ടക്കാരുടെ ഈ ക്ലബില്‍ നിലവില്‍ റോണോ മാത്രം - ലയണല്‍ മെസി റെക്കോഡ്

ക്ലബ് കരിയറില്‍ 700 ഗോളുകളെന്ന നാഴികകല്ലിന് അരികെ പിഎസ്‌ജി താരം ലയണല്‍ മെസി. ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് നിലവില്‍ ഈ നേട്ടം സ്വന്തമാക്കിയ ഏക താരം.

Lionel Messi  Lionel Messi news  Lionel Messi club goals  Cristiano Ronaldo  psg vs Marseille  മാഴ്‌സെ vs പിഎസ്‌ജി  ലയണല്‍ മെസി  ലയണല്‍ മെസി റെക്കോഡ്  ക്രിസ്റ്റ്യാനോ റൊണാൾഡോ
ചരിത്ര നേട്ടത്തിനരികെ ലയണല്‍ മെസി

By

Published : Feb 21, 2023, 3:23 PM IST

പാരിസ്: ഖത്തറിലെ ഫിഫ ലോകകപ്പ് നേട്ടത്തോടെ ഫുട്‌ബോളര്‍ എന്ന നിലയില്‍ പൂര്‍ണതയിലേക്കാണ് ലയണല്‍ മെസിയെന്ന ഇതിഹാസം ഉയര്‍ന്നത്. തന്‍റെ 35-ാം വയസിലും കളിക്കളത്തില്‍ മാന്ത്രികത തീര്‍ക്കുന്ന താരം ഒരു ചരിത്ര നാഴികകല്ലിന്‍റെ വക്കിലാണ്. ക്ലബ് കരിയറില്‍ 700 ഗോളുകളെന്ന നേട്ടം സ്വന്തമാക്കാന്‍ ഇനി ഒരു തവണ കൂടി പന്ത് ഗോള്‍വര കടത്തിയാല്‍ മെസിക്ക് സാധിക്കും.

നിലവില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയ ഏക താരം. കരിയറില്‍ ഭൂരിഭാഗവും ചിലവഴിച്ച സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയ്‌ക്ക് ഒപ്പമാണ് താരം ഏറ്റവും കൂടുതല്‍ ഗോളുകളടിച്ച് കൂട്ടിയിട്ടുള്ളത്. കറ്റാലന്മാര്‍ക്കായി 778 മത്സരങ്ങളിൽ നിന്ന് 672 ഗോളുകളാണ് താരം നേടിയിട്ടുള്ളത്.

തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയിലേക്കെത്തിയ താരം ഇതേവരെ 61 മത്സരങ്ങളിൽ നിന്നായി 27 ഗോളുകളാണ് നേടിയിട്ടുള്ളത്. ഇതോടെ ക്ലബ് കരിയറില്‍ ആകെ 839 മത്സരങ്ങളിൽ നിന്ന് മെസി 699 ഗോളുകളാണ് നേടിയത്.

ഫ്രഞ്ച് ലീഗില്‍ പിഎസ്‌ജി അടുത്ത മത്സരത്തില്‍ മാഴ്‌സെയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ഈ നേട്ടത്തിലും മെസിയുടെ കണ്ണുണ്ടാവുമെന്നുറപ്പ്. ഫെബ്രുവരി 27നാണ് ലീഗിലെ രണ്ടാം സ്ഥാനക്കാരായ മാഴ്‌സെയ്‌ക്കെതിരെ പിഎസ്‌ജി ഏറ്റുമുട്ടുന്നത്. അതേസമയം ലില്ലെയ്‌ക്ക് എതിരായ അവസാന മത്സരത്തില്‍ പി‌എസ്‌ജിയെ വിജയത്തിലേക്ക് നയിച്ച ഗോള്‍ പിറന്നത് മെസിയുടെ കാലില്‍ നിന്നാണ്.

സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തിന്‍റെ 95-ാം മിനിറ്റിൽ നാടകീയമായ ഫ്രീ കിക്ക് ഗോളിലൂടെയാണ് താരം ലീഗ് ടോപ്പേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തില്‍ 4-3ന് ആയിരുന്നു പിഎസ്‌ജി ജയം പിടിച്ചത്. ഗോളടിച്ചതിന് ശേഷം മെസിയെ ഓടിവന്ന് കെട്ടിപ്പിടിക്കുന്ന കിലിയന്‍ എംബാപ്പെ ഉള്‍പ്പെടെയുള്ള താരങ്ങളുടെ ദൃശ്യം വൈറലായിരുന്നു.

ALSO READ:മെസിയടക്കം സൂപ്പര്‍ താരങ്ങളുടെ പരിക്കിന് കാരണമിതാണ്; തുറന്നടിച്ച് പിഎസ്‌ജി കോച്ച് ക്രിസ്‌റ്റോഫ് ഗാൽറ്റിയർ

ABOUT THE AUTHOR

...view details