പാരിസ്: ഫുട്‌ബോൾ ലോകത്തെ മികച്ച താരം മെസിയാണോ റൊണാൾഡയാണോ എന്ന തർക്കം വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുകയാണ്. പരസ്യമായൊരു മത്സരമില്ലെങ്കിൽ പോലും റെക്കോഡുകൾ വാരിക്കൂട്ടുന്നതിനായി ഇരുവരും പരസ്‌പരം മത്സരിച്ചുകൊണ്ടിരിക്കുകയാണ്. ലോകകപ്പ് നേട്ടത്തോടെ കരിയറിലെ ഏറെക്കുറെ എല്ലാ കിരീടങ്ങളും സ്വന്തമാക്കി താനാണ് മികച്ചത് എന്ന് മെസി തെളിയിച്ചുകഴിഞ്ഞു. ഇപ്പോൾ റൊണാൾഡോയുടെ മറ്റൊരു റെക്കോഡുകൂടി പഴങ്കഥയാക്കിയിരിക്കുകയാണ് മെസി.
യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിലെ വിവിധ ടീമുകള്‍ക്കായി നേടിയ ഗോളുകളുടെ എണ്ണത്തിലാണ് മെസി റൊണാള്‍ഡോയെ മറികടന്നത്. 696 ഗോളുകള്‍ നേടിയ റൊണാള്‍ഡോയുടെ റെക്കോഡാണ് മെസി സ്വന്തം പേരിൽ കുറിച്ചത്. ഫ്രഞ്ച് ലീഗ് വണ്ണില്‍ മോണ്ട്‌പെലിയറിനെതിരായ മത്സരത്തില്‍ ഗോളടിച്ചതോടെയാണ് മെസി ഈ നേട്ടം മറികടന്നത്.
മത്സരത്തിന്‍റെ 72-ാം മിനിട്ടിലാണ് മെസി മനോഹരമായ ഗോൾ സ്വന്തമാക്കിയത്. ഇതോടെ മെസിയുടെ ഗോൾ നേട്ടം 697 ആയി ഉയര്‍ന്നു. കൂടാതെ റൊണാള്‍ഡോയെക്കാള്‍ 84 മത്സരങ്ങള്‍ കുറവ് കളിച്ചിട്ടാണ് മെസി ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പിഎസ്‌ജി മോണ്ട്‌പെലിയെറിനെ കീഴടക്കിയിരുന്നു.
അതേസമയം ക്ലബ് ഫുട്‌ബോൾ കരിയറിൽ ആകെ ഗോൾ നേട്ടത്തിൽ മെസിയെക്കാൾ മുന്നിലാണ് റൊണാൾഡോ. ക്ലബ് ഫുട്‌ബോളിൽ നിന്ന് റൊണാൾഡോ ഇതുവരെ 701 ഗോളുകൾ സ്വന്തമാക്കിയപ്പോൾ 695 ഗോളുകളാണ് മെസി നേടിയത്. എന്നാൽ മത്സരങ്ങളുടെ എണ്ണം നോക്കുമ്പോൾ അവിടെയും മെസിക്കാണ് മുൻതൂക്കം.