'താൻ ക്ഷീണിതനാണെന്നും 90 മിനിട്ടുകൾക്ക് മുമ്പ് സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുന്നത് ആദ്യമായിരിക്കില്ല ഇനിയുമിത് ആവർത്തിക്കും'. ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ നേരത്തെ പിൻവലിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തോട് അർജന്‍റൈൻ നായകൻ ലയണൽ മെസിയുടെ പ്രതികരണമായിരുന്നു ഇത്. അതേ.. മെസിയുടെ വാക്കുകൾ അതേപടി കളത്തിൽ ആവർത്തിക്കുന്ന കാഴ്‌ചയ്‌ക്കാണ് ലോകമെമ്പാടുമുള്ള മെസി ആരാധകർ സാക്ഷിയാകുന്നത്.
മേജർ ലീഗ് സോക്കറിൽ ടൊറന്‍റോ എഫ്‌സിക്കെതിരായി ഇന്ന് നടന്ന മത്സരത്തിന്‍റെ ആദ്യ പകുതിയുടെ 37-ാം മിനിട്ടിലാണ് ഇന്‍റർ മയാമി താരമായ മെസിയെ പിൻവലിച്ചത്. തുടക്കത്തിൽ രണ്ട് ഗോൾശ്രമങ്ങളുമായി ആരാധകരെ ആവേശത്തിലാക്കിയ മെസിയിൽ പതിയെ തളർച്ചയുടെ ലക്ഷണങ്ങൾ പ്രകടമായി. ഇതോടെ മൈതാന മധ്യത്തിൽ അലസമായ പന്തുതട്ടിയ തന്നെ പിൻവലിക്കാനായി കോച്ച് മാർട്ടിനസിന് സൂചന നൽകുന്ന മെസിയെയാണ് പിന്നീട് കളത്തിൽ കണ്ടത്. പിന്നീട് അഴിച്ചുമാറ്റിയ ക്യാപ്‌റ്റൻ ആം ബാൻഡ് ഡിആന്ദ്രെ യെഡ്‌ലിനെ കയ്യിലണിയച്ച ശേഷം നിരാശയോടെ ഡഗൗട്ടിലേക്ക് നടന്നുനീങ്ങി.
ഇക്വഡോറിനെതിരായ മത്സരം പൂർത്തിയാക്കാൻ ബുദ്ധിമുട്ടിയ മെസി അമേരിക്കൻ ലീഗിൽ അറ്റ്‌ലാന്‍റ യുണൈറ്റഡ്, സ്‌പോർടിങ് കൻസാസ് സിറ്റി എന്നി ടീമുകൾക്കെതിരെയും ബൊളീവിയക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്കായും കളത്തിലിറങ്ങിയിരുന്നില്ല. ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് തന്നെ പിൻവലിക്കാൻ മെസി നിർദേശം നൽകിയിരുന്നുവെന്നാണ് ഇക്വഡോറിനെതിരായ മത്സരം ശേഷം അർജന്‍റീന പരിശീലകൻ സ്‌കലോണി പ്രതികരിച്ചത്.
കഴിഞ്ഞ ജൂൺ 24ന്, 36 വയസ് പൂർത്തിയായ മെസിയെ പ്രായം തളർത്തുന്നതിന്‍റെ സൂചനകളാണോ ലഭിക്കുന്നത്. രണ്ട് പതിറ്റാണ്ടിലധികമായി ലോക ഫുട്‌ബോളിൽ തന്‍റെതായ സാമ്രാജ്യം കെട്ടിപ്പടുത്ത ആ കുറിയ മനുഷ്യൻ ബൂട്ടഴിക്കുന്നത് ഏതൊരു ആരാധകനും നിറകണ്ണുകളോടെയല്ലാതെ സാക്ഷിയാകാൻ കഴിയില്ലെന്ന് ഉറപ്പാണ്. മെസിയുടെ കാലഘട്ടം അവസാനിക്കുന്നതോടെ ആ നിലവാരത്തിലുള്ള പ്രതിഭ ആരെന്ന വലിയൊരു ചോദ്യത്തിനുള്ള ഉത്തരം ആരാധകർക്കിടയിലും ഫുട്‌ബോൾ വിദഗ്‌ധർക്കിടയിലും അവശേഷിക്കുക തന്നെ ചെയ്യും. മെസിയെ പോലെയൊരു താരത്തിന്‍റെ വിടവ് നികത്തുക എന്ന വളരെ പ്രയാസമേറിയതായിരിക്കും.
ഈ സീസണിന്‍റെ തുടക്കത്തിൽ പിഎസ്‌ജി വിട്ട് ഇന്‍റർ മയാമിയിൽ ചേർന്ന മെസിക്ക് സ്വപ്‌നതുല്യമായ തുടക്കമാണ് ലഭിച്ചത്. ലീഗ്‌സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിൽ മെക്‌സിക്കന്‍ ക്ലബ് ക്രുസ് അസുലിനെതിരായ മത്സരത്തിലാണ് മെസി ഇന്‍റർ മയാമി കുപ്പായത്തിൽ അരങ്ങേറിയത്. ഈ മത്സരത്തിന്‍റെ അധികസമയത്ത് ഫ്രീകിക്കിലൂടെ വലകുലുക്കിയാണ് മെസി വരവറിയിച്ചത്. തുടർച്ചയായി മത്സരങ്ങളിൽ ഗോളടിച്ച മെസി ഇന്‍റർ മയാമിയെ ആദ്യമായി ലീഗ്‌സ് കപ്പ് ജേതാക്കളാക്കിയിരുന്നു.